പാർട്ടിക്കാരെ നിയമിക്കാനായി മുമ്പും ‘ഔദ്യോഗിക ക്ഷണക്കത്ത്’; ആനാവൂരിന് അയച്ച മറ്റൊരു കത്ത് കൂടി പുറത്ത്

Saturday, November 5, 2022

 

തിരുവനന്തപുരം:  മേയർ ആര്യ രാജേന്ദ്രന്‍റെ കത്തിന് പിന്നാലെ പിൻവാതിൽ നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്ത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഒമ്പത് നിയമനങ്ങള്‍ക്കായി യോഗ്യരായവരുടെ പട്ടിക കൈമാറണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്‍റെ നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായ ഡി.ആര്‍ അനിലാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ വെട്ടിലാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന കത്തുകള്‍. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരണം തനിക്ക് അറിയില്ലെന്നും മേയറോട് ചോദിക്കണമെന്നും പറഞ്ഞ് ആനാവൂർ നാഗപ്പന്‍ ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ മറ്റൊരു കത്ത് കൂടി പുറത്തുവന്നതോടെ ആനാവൂർ നാഗപ്പനും പ്രതിരോധത്തിലായിരിക്കുകയാണ്.