തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവർ സന്തോഷ് തന്നെയാണ് മ്യൂസിയം കേസിലെയും പ്രതി എന്ന് സ്ഥീരീകരിച്ചു. മ്യൂസിയം വളപ്പില്‍ അതിക്രമത്തിനിരയായ വനിതാ ഡോക്ടർ ഇയാളെ തിരിച്ചറിഞ്ഞു. ഈ കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം അറസ്റ്റിലായതിന് പിന്നാലെ സന്തോഷിനെ ജോലിയിൽ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിലാണ് നിലവില്‍ സന്തോഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ താല്‍ക്കാലിക ജോലിക്കാരനാണ് ഇയാളെന്നാണ് പോലീസ് അറിയിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ കേസ് പേരൂർക്കട പോലീസ് സ്റ്റേഷൻ പരിധിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പേരൂർക്കട പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്ത് യുവതിക്കെതിരേ അതിക്രമം നടന്നത്. പോലീസിന്റെ മൂക്കിന് കീഴില്‍ നടന്ന സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പോലീസിന് വലിയ ക്ഷീണം ഉണ്ടാക്കി. കുറവന്‍കോണം സംഭവത്തിലെ പ്രതി തന്നെയാണ് തന്നെയും ആക്രമിച്ചതെന്ന് ദൃശ്യങ്ങള്‍ കണ്ട് യുവതി നേരത്തെ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പ്രതിയെ നേരിട്ട് കണ്ട് പരാതിക്കാരി ഇക്കാര്യം സ്ഥിരീകരിച്ചതോടെ രണ്ട് സംഭവങ്ങളിലേയും പ്രതി സന്തോഷ് തന്നെ എന്നത് വ്യക്തമായി. സിസി ടിവി ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും രണ്ടും ഒരാള്‍ തന്നെയാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു.