ഓഖി വാര്‍ഷികത്തില്‍ ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ്

Jaihind Webdesk
Saturday, December 1, 2018

Cyclone Ockhi-Tribute

സംസ്ഥാനത്ത് ഓഖി ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോൾ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമൊപ്പം കോൺഗ്രസ് അനുസ്മരണ സംഗമം നടത്തി. പൂന്തുറയില്‍ മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസനും
വിഴിഞ്ഞത്ത് കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരനും അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.

ഓഖി ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായമെത്തിക്കാൻ സർക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ല. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെയും ദുരന്തത്തിൽ അകപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുകയായിരുന്നു കോൺഗ്രസ് നേതാക്കൾ.

https://www.youtube.com/watch?v=0LPv2jJqXYg

സര്‍ക്കാരിന്‍റെ അനാസ്ഥയാണ് രക്ഷിക്കാമായിരുന്ന ജീവനുകള്‍ കൂടി നഷ്ടമാക്കിയതെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി ഇത്രയും വര്‍ധിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയം വഷളാക്കുന്നതിലൂടെ ഓഖി സഹായങ്ങൾ സംബന്ധിച്ച വിഷയങ്ങൾ തള്ളിപ്പോകുമെന്ന ധാരണയാണ് മുഖ്യമന്ത്രിക്കെന്നും ദുരന്തനിവാരണ അതോറിറ്റിയിൽ വിദഗ്ധരെ ഉൾപ്പെടുത്താൻ തയാറായിരുന്നെങ്കിൽ ദുരന്തമുണ്ടാകില്ലായിരുന്നുവെന്നും കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ വ്യക്തമാക്കി.