തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ആത്മഹത്യാശ്രമത്തിന് കൂടി കേസെടുത്തു. ആത്മഹത്യാ ശ്രമത്തിന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. ഇന്നലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച ഗ്രീഷ്മയെ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലാണ് മറ്റൊരു കേസ് കൂടി ഗ്രീഷ്മയ്ക്കെതിരെ എടുത്തിരിക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലിനായാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞു. ശുചിമുറിയിൽ കയറി അണുനാശിനി കുടിക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഗ്രീഷ്മ. പ്രത്യേക വൈദ്യസംഘം ഗ്രീഷ്മയെ ഇന്ന് പരിശോധിക്കും. ഇവരുടെ നിര്‍ദേശം അനുസരിച്ചായിരിക്കും കേസില്‍ പോലീസിന്റെ തുടര്‍നടപടികള്‍. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വൈദ്യസംഘം തീരുമാനിച്ചാല്‍ ഗ്രീഷ്മയെ മെഡിക്കല്‍ കേളേജിലെ പ്രത്യേക പോലീസ് സെല്ലിലേക്ക് മാറ്റും. ആരോഗ്യനില മെച്ചപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ നാളെ തന്നെ കസ്റ്റഡി അപേക്ഷ നല്കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങും. തുടർന്ന് കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകും.
കേസില്‍ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും കളിയിക്കാവിളയിലെത്തിച്ച് ഇന്ന് തെളിവെടുക്കും. കഷായം നല്കിയ കുപ്പി ഉള്‍പ്പെടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് ഒളിപ്പിച്ചുവെന്നാണ് അമ്മയുടെ മൊഴി. ഇത് കണ്ടെടുക്കാനാണ് കളിയിക്കാവിളയിലേക്ക് കൊണ്ടുപോകുന്നത്.