എം.എം ഹസന്‍റെ ആത്മകഥ ‘ഓര്‍മ്മച്ചെപ്പ്’ രണ്ടാം പതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നവംബര്‍ ആറിന് എം.എ യൂസഫലി പ്രകാശനം ചെയ്യും

JAIHIND TV DUBAI BUREAU
Tuesday, November 1, 2022

 

ദുബായ് : കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ തലയെടുപ്പുള്ള നേതാവ് എം.എം ഹസന്‍റെ അരനൂറ്റാണ്ട് കാലത്തെ ജീവിതാനുവങ്ങളും രാഷ്ട്രീയ ചരിത്രവും കോര്‍ത്തിണക്കി രചിച്ച ‘ഓര്‍മ്മച്ചെപ്പ്’ എന്ന ആത്മകഥയുടെ രണ്ടാംപതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും. നവംബര്‍ ആറിന് ഞായറാഴ്ച രാത്രി ഏഴിന് പുസ്തക മേളയിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പരിപാടി.

നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാനുമായ എം.എ യൂസഫലി പുസ്തക പ്രകാശനം നിര്‍വഹിക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹിം അധ്യക്ഷത വഹിക്കും. മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ ടി പത്മനാഭനാണ് പുസ്തകത്തിന്‍റെ അവതാരിക എഴുതിയത്. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍ തമ്പാന്‍, എസ്എഫ്സി ഗ്രൂപ്പ് ചെയര്‍മാന്‍ കെ മുരളീധരന്‍, ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍, കെഎംസിസി യുഎഇ പ്രസിഡന്‍റ് ഡോ. പൂത്തൂര്‍ റഹ്മാന്‍, ഡിസി ബുക്‌സ് സിഇഒ രവി ഡിസി, നിഷ ഹസന്‍ എന്നിവര്‍ സംബന്ധിക്കും. എം.എം ഹസന്‍ മറുപടി പ്രസംഗം നടത്തും.

എം.എം ഹസന്‍റെ ഏഴു പതിറ്റാണ്ടിലെ ജീവിത യാത്രയാണ് ‘ഓര്‍മ്മച്ചെപ്പ്’ എന്ന പുസ്തകം. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള അരനൂറ്റാണ്ട് കാലത്തെ ഓര്‍മ്മകള്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പ്രവാസികാര്യ മന്ത്രി, കെപിസിസിയുടെ മുന്‍ പ്രസിഡന്‍റ് യുഡിഎഫ് കണ്‍വീനര്‍ വരെയുള്ള ഓര്‍മ്മകളും പുസ്തകത്തിലൂടെ പങ്കുവെക്കുന്നു. ഒരു കാലഘട്ടത്തിന്‍റെ രാഷ്ട്രീയ വര്‍ത്തമാനങ്ങളും അനുഭവങ്ങളും ചരിത്രവും ഓര്‍മ്മച്ചെപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കറന്‍റ് ബുക്‌സ് ആണ് പ്രസാധകര്‍.