ഇരട്ട നരബലിയിൽ റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു. കാലടി പോലീസാണ് പ്രതികളുമായി എത്തി തെളിവെടുപ്പ് നടത്തിയത്.
മുൻപ് പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കാലടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത റോസ്ലിന് കൊലപാതക കേസിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്. ഇതോടെ 5 തവണയാണ് ഇലന്തൂര്‍ പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നത്. രാവിലെ പത്തരയോടെ തന്നെ മൂന്ന് പ്രതികളെയും ഭഗവല്‍ സിങിന്റെ വീട്ടിലെത്തിച്ചു. കട്ടപ്പന, രാജകുമാരി , മലയാറ്റൂർ എന്നീ സ്ഥലങ്ങളിൽ ഷാഫി മുൻപ് താമസിച്ചിരുന്നു. ഇവിടെയും പ്രതിയുമായി എത്തി തെളിവുകൾ ശേഖരിക്കേണ്ടതായുണ്ടന്ന് പോലീസ് കസ്റ്റഡി അപേക്ഷയിലും സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ മാസമാണ് റോസ്ലിനെ കാണാതായത്. ആദ്യം തെളിവെടുപ്പിനായി ഇലന്തൂരിലെ പാർത്ഥസാരഥി ഫിനാൻസിയേഴ്സിലാണ് എത്തിയത്. ഇവിടെയാണ് റോസിലിന്റെ സ്വർണാഭരണങ്ങൾ പണയം വെച്ചത്. ആദ്യത്തെ ചോദ്യം ചെയ്യലിൽ തന്നെ പ്രതികൾ സ്വർണം പണയം വെച്ച് പണം വാങ്ങിയ കാര്യം സമ്മതിച്ചിരുന്നു. പണയം വച്ച 700 ഗ്രാം തൂക്കം വരുന്ന റോസ്ലിൻ്റെ മോതിരം പൊലീസ് കണ്ടെടുത്തു. 2000 രൂപക്കാണ് മോതിരം ഇവിടെ പണയം വച്ചത്. മോതിരം ചളുങ്ങിയ അവസ്ഥയിലായിരുന്നു എന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു.അതിന് ശേഷം കൊലപാതകത്തിന് ഉപയോഗിച്ച സാധന സാമഗ്രികൾ വാങ്ങിയ വിവിധ കടകളിലും ഭഗവൽസിംഗുമായി അന്വേഷണ സംഘം എത്തി. വീടിനുള്ളിലാണ് ഷാഫിയും ലൈലയുമായുള്ള തെളിവെടുപ്പ് നടത്തിയത്.