തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണസംഘം ശ്രമം തുടങ്ങി. ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഈ വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ തെളിവെടുപ്പ് മാറ്റിവെച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍വെച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ കയറിയ ഗ്രീഷ്മ ഇവിടെയുണ്ടായിരുന്ന അണുനാശിനി കുടിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് ജീപ്പിലേക്ക് നടന്നുപോകുന്നതിനിടെ ഛര്‍ദിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്‍റെ കുടുംബം ആരോപിക്കുന്നു. ഗ്രീഷ്മയുടെ അമ്മയാണ് ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഇവർ വീണ്ടും ഉന്നയിച്ചു. ഒക്ടോബര്‍ 14-ാം തീയതി ഗ്രീഷ്മയുടെ വീട്ടില്‍പോയപ്പോള്‍ ഷാരോണ്‍ കൊണ്ടുപോയിരുന്ന ബാഗും കുടുംബം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. കേസില്‍ ഷാരോണിന്‍റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. എഎസ്പി സുള്‍ഫിക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.