അമിതവേഗം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും ശബ്ദവിന്യാസവും; അപകടത്തില്‍പ്പെട്ട ‘അസുര’ കരിമ്പട്ടികയിലുള്ള ബസ്

Thursday, October 6, 2022

 

പാലക്കാട്: വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയത് ഗതാഗതവകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയ ബസ്. അസുര എന്ന ടൂറിസ്റ്റ് ബസ് സർവീസ് നടത്തിയത് സ്കൂൾ, കോളേജ് വിനോദയാത്ര സംബന്ധിച്ച് ഗതാഗതവകുപ്പ് പുറത്തിറക്കിയ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണെന്നും വ്യക്തമായി. അമിതവേഗത്തില്‍ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച് അപകടമുണ്ടായത്.

കണ്ണഞ്ചപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദവുമായി ബസ് സർവീസ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോട്ടയം സ്വദേശിയുടെ അസുര എന്ന ബസിനെതിരെ അഞ്ചോളം കേസുള്ളതായി ആർടിഒ അധികൃതർ പറയുന്നു. സ്പീഡ് ഗവേർണർ വേർപെടുത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. സ്കൂൾ കോളേജ് വിദ്യാർ‌ത്ഥികളുടെ വിനോദ, പഠന യാത്രകളിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ഹോണുകളും ഘടിപ്പിച്ചതുമായ വാഹനങ്ങൾ ഉപയോഗിക്കരുത് എന്ന ഗതാഗത കമ്മീഷണറേറ്റിന്‍റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെയും ഉത്തരവുകൾ പാലിക്കപ്പെട്ടില്ല. വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ കാണിച്ച് ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ടായിരുന്നു. ഈ വർഷം ജൂലൈ 7 നാണ് ഗതാഗത കമ്മീഷണർ വിവിധ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് ഇക്കാര്യത്തില്‍ നിർദ്ദേശം നൽകിയത്.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ശബ്ദവിന്യാസവുമായി സർവീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ റോഡിലുള്ള മറ്റു വാഹനങ്ങളെ അപകടത്തിൽപെടുത്താൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിർദേശിച്ചിരുന്നത്. നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ മൂന്നു മാസത്തേയ്ക്ക് അയോഗ്യരാക്കണം, കുറ്റം ആവർത്തിച്ചാൽ തടവു ശിക്ഷ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണം, ശബ്ദ നിയന്ത്രണം, ലൈറ്റിംഗ് സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ചു പരാതിപ്പെടാൻ വാട്സാപ്പ് നമ്പർ പ്രസിദ്ധപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി നല്‍കിയിരുന്നത്.

ബുധനാഴ്ച രാത്രി 11.30 ഓടെയാണ് 9 പേരുടെ ജീവനെടുത്ത അപകടമുണ്ടായത്. മരിച്ചവരിൽ 5 പേർ വിദ്യാർത്ഥികളാണ്. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയാണ് വൻ അപകടമുണ്ടായത്. മരിച്ചവ 9 പേരില്‍ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു, അനൂപ്, രോഹിത് എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ, വിഷ്ണുവാണ് മരിച്ച അധ്യാപകൻ.

42 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും 2 ജീവനക്കാരും അടങ്ങുന്നതായിരുന്നു സംഘം. ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു ഇവർ. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ദേശീയ പാത വടക്കഞ്ചേരിയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മുന്നിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ പിന്നിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറുകയായിരുന്നു.കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി ചതുപ്പിലേക്ക് മറിഞ്ഞു. സംഭവ സ്ഥലത്ത് ആദ്യം എത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

 

https://www.youtube.com/shorts/5nsKNk0hJds