സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; സെപ്റ്റംബറില്‍ മാത്രം 336 കൊവിഡ് മരണം

Tuesday, October 4, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വർധനവുണ്ട്. പനിയെ നിസാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ദരുടെ നിർദ്ദേശം. സംസ്ഥാനത്ത് വൈറൽ പനി ബാധിച്ച് നിരവധി പേരാണ് ദിവസവും ചികിത്സയ്ക്കായി എത്തുന്നത്. വൈറൽ പനിയുമായി ഇന്നലെ മാത്രം ചികിത്സ തേടിയത് പന്ത്രണ്ടായിരത്തിലേറെ പേരാണ്. അതിൽ 670 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 8,482 പേരാണ് കൊവിഡ് ചികിത്സയിൽ ഉള്ളത്. സെപ്റ്റംബർ ഒന്നു മുതൽ 30 വരെ 336 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് ചികിത്സ തേടിയവരിൽ പ്രായമാകുന്നവരും അനുബന്ധ രോഗങ്ങൾ ഉള്ളവരുമാണ് ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നതായി ആരോഗ്യ വിദഗ്ധർ അറിയിച്ചിട്ടുള്ളത്. ഓണത്തിന് ശേഷം കൊവിഡ് കേസിൽ വലിയ വർധന ഉണ്ടായിട്ടുണ്ടെങ്കിലും കൊവിഡ് ടെസ്റ്റുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല എന്നതിനാൽ തന്നെ കൃത്യമായ കണക്കുകൾ പുറത്ത് വരാറില്ല. കൊവിഡ് രോഗബാധിതരുടെ വലിയ വർധനവുള്ളതും കേരളത്തിലാണ്. വാക്‌സിനേഷൻ എടുത്തവരിലും കൊവിഡ് വന്നു പോയവരിലും വീണ്ടും കൊവിഡ് വരുന്നതായാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മാസ്കും സാമൂഹിക അകലവും തുടർന്ന് ജാഗ്രതയോടെ തന്നെ മുന്നോട്ടു പോകണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം.;