കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി. കല്ലിടലിൻ്റെ പേരിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു. ഡിപിആറിന് കേന്ദ്രത്തിന്‍റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്രയധികം പണം ചെലവാക്കിയതെന്തിന്? ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്‍ക്കുന്നു? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും? തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് ആവര്‍ത്തിച്ച് കത്തയച്ചിട്ടും കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പാതയുടെ അലൈന്‍മെന്‍റ്, പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയില്‍വെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും റെയില്‍വെ കോടതിയെ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രം സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്‍റെ കാലാവധി കഴിഞ്ഞതും ഡിപിആറിന് കേന്ദ്രസർക്കാരിന്‍റെ അനുമതി ഇതുവരെ ലഭിക്കാത്തതിന്‍റെയും പശ്ചാത്തലത്തിൽ സിൽവർലൈൻ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. സാമൂഹികാഘാത പഠനത്തിനും ഭൂമി ഏറ്റെടുക്കലിനും കേരള സർക്കാരോ, കെ റെയിലോ നടപടി സ്വീകരിച്ചാൽ ഇനിയും ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ തീർപ്പാക്കിയത്.