കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എൻഐഎയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രതികളെ ജഡ്ജി താക്കീത് ചെയ്തു. അതിനിടെ വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പോലീസിനെയും കോടതി വിമര്‍ശിച്ചു. പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാന്‍ മതിയായ കാരണം വേണമെന്ന് പോലീസിനോട് കോടതി പറഞ്ഞു.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എന്‍ഐഎ കോടതിയിലെടുത്ത നിലപാട്. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, സമൂഹത്തില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും, ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് അടക്കം തയാറാക്കിയിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചെന്നാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ കോടതിയെ ധരിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു. പിടിച്ചെടുത്ത രേഖകളില്‍ ഇത് സംബന്ധിച്ച രേഖകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.