എറണാകുളം/ആലുവ: എറണാകുളം ജില്ലയില്‍ പുതിയ ഇതിഹാസം രചിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പെരിയാറിന്റെ തീരത്ത് ആലുവയില്‍ അവസാനിച്ചു. നഗരവീഥികളെ ജനസാഗരമാക്കി അമ്പതിനായിരത്തില്‍പരം ആളുകളാണ് ജാഥയില്‍ അണിചേര്‍ന്നത്.
രാജ്യത്തെ ആദ്യ സര്‍വ മതസമ്മേളനത്തിന് വേദിയായി ചരിത്ര താളുകളില്‍ ഇടം പിടിച്ച പെരിയാറിന്റെ തീരത്തെ ആലുവയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പുതിയ ചരിത്രമെഴുതി. ഭാരത് ജോഡോ യാത്രയുടെ പതിനാലാം ദിവസത്തെ പര്യടനം കളമശേരി നഗരസഭ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ആലുവ പറവൂര്‍ കവലയില്‍ സമാപിച്ചു. ത്രിവര്‍ണ്ണ പതാക കൈകളിലേന്തി ജനസാഗരമാണ് യാത്രയില്‍ അണിചേര്‍ന്നത്. യാത്ര കടന്ന് പോയ വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനസഞ്ചയം രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പ്രതീക്ഷിച്ചതിലും അല്‍പ്പം വൈകിയാണ് യാത്ര സമാപന വേദിയിലെത്തിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ജനങ്ങളുടെ മനസില്‍ വൈരാഗ്യവും വിദ്വേഷവും നിറയ്ക്കുന്നുവെന്നും രാഹുല്‍ തുറന്നടിച്ചു.
സമാപന സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന് ഭാരത് ജോഡോ യാത്രയുടെ സംസ്ഥാന കോഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.