ആലപ്പുഴ/കായംകുളം: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കൊപ്പം സമയം ചെലവഴിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കായംകുളത്ത് എത്തിയപ്പോഴാണ് അദ്ദേഹം സബർമതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ കാണാനെത്തിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി പ്രവർത്തിക്കുന്ന സ്കൂളിൽ നൂറിലേറെ വിദ്യാർത്ഥികൾ ഉണ്ട്. പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്കൂൾ മികച്ച മാതൃകയാണ്. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളോട് പട പൊരുതുന്ന വിദ്യാർത്ഥികളിൽ നിന്നും അവരുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സ്കൂളിന്റെ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല സബർമതിക്കു വേണ്ടി ഏലയ്ക്കാ മാല ഇട്ടാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രാഹുൽ ഗാന്ധിയും സംവദിക്കുകയും കുട്ടികൾ അവരുടെ കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സബർമതിയിലെ വിദ്യാർത്ഥികളായ ഹർഷിദ് കൃഷ്ണ കീ ബോർഡിൽ വന്ദേ മാതരവും , അഞ്ജനേന്ദു മിന്നാമിനുങ്ങേ എന്ന് തുടങ്ങുന്ന ഗാനവും ആലപിച്ചു. വിദ്യാർത്ഥിനിയുടെ പാട്ടിനൊപ്പം രാഹുൽ ഗാന്ധി താളം പിടിച്ച് ആസ്വദിച്ചു.
അധ്യാപകർ സ്പെഷ്യൽ സ്കൂളുകളുടെയും അവിടുത്തെ വിദ്യാർത്ഥികളുടെയും ക്ഷേമത്തിനു വേണ്ടി സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഗവൺമെന്റുകൾ ഗ്രാന്റുകൾ അനുവദിച്ച് വിദ്യാർത്ഥികളെ സുരക്ഷിതരാക്കണമെന്നും അധ്യാപകർ പറഞ്ഞു. പിന്നീട് സംസാരിച്ച രാഹുൽ ഗാന്ധി രമേശ് ചെന്നിത്തല മുൻ കൈയെടുത്ത് സ്ഥാപിച്ച സബർമതി പോലുള്ള സ്ഥാപനങ്ങൾ നല്ല മാതൃക ആണെന്നും ഈ മേഖലയെ സംരക്ഷിക്കാൻ ഇടപെടൽ നടത്തുമെന്നും പറഞ്ഞു. കുട്ടികൾക്കൊപ്പം ചെലവഴിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും എല്ലാ മേഖലകളിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ശോഭനമായ ഭാവി ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ആശംസിക്കുകയും ചെയ്തു.
സബർമതി പ്രിൻസിപ്പൽ എസ് ശ്രീലക്ഷ്മി സ്പെഷ്യൽ സ്കൂൾ മേഖല നേരിടുന്ന പ്രതിസന്ധികളെ പറ്റി സൂചിപ്പിച്ചു. സബർമതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് ദീപു ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ കാലശേഷം ഇവരുടെ സംരക്ഷണത്തെ പറ്റിയുള്ള ആശങ്ക പങ്കുവെക്കുകയും സർക്കാർ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകി സംരക്ഷിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശ്രദ്ധയില്പ്പെടുത്തുകയും ചെയ്തു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബു പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സബർമതി സ്കൂൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് ദീപു, പ്രിൻസിപ്പിൽ എസ് ശ്രീലക്ഷ്മി, സബർമതി ഭരണ സമിതി ഭാരവാഹികൾ ഷംസുദീൻ കായിപുറം, സി രാജലക്ഷ്മി, കെ എസ് ഹരികൃഷ്ണൻ, സി പ്രസന്നകുമാരി , അബാദ് ലുദ്ഫി എന്നിവർ പങ്കെടുത്തു.