ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി വിടവാങ്ങി…

Jaihind Webdesk
Thursday, September 8, 2022

ലണ്ടന്‍: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. 2021 ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.

ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം നടന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്‍റെ ഭര്‍ത്താവ്. 1947 നായിരുന്നു ഇവരുടെ വിവാഹം. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍. 1997-ല്‍ കാര്‍ അപകടത്തില്‍ മരിച്ച ഡയാന സ്പെന്‍സര്‍, ചാള്‍സ് രാജകുമാരന്‍റെ ആദ്യ ഭാര്യയായിരുന്നു. പിന്നീട് 2005ല്‍ ചാള്‍സ്, കാമില പാര്‍ക്കറെ വിവാഹം ചെയ്തു.

1926 ഏപ്രില്‍ 21-ന് ജോര്‍ജ് ആറാമന്‍റെ (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോര്‍ക്ക്) യുടെയും മകളായാണ് ജനനം. ജോര്‍ജ് അഞ്ചാമന്‍റെ ഭരണകാലത്തായിരുന്നു എലിസബത്തിന്‍റെ ജനനം. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.