ചെന്നൈ: കവർച്ചയ്ക്കായി മദ്യക്കടയുടെ ചുവർ തുരന്ന് അകത്ത് കയറിയ കള്ളൻമാർ മദ്യപിച്ചു ലക്കുകെട്ട് പോലീസ് പിടിയിലായി. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ കരവട്ടിയിലെ സർക്കാർ മദ്യക്കടയിലാണ് മോഷണത്തിന് കയറിയ കള്ളൻമാർ മദ്യപിച്ച് ലക്കുകെട്ട് പിടിയിലായത്. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയൻ എന്നിവരാണ് അറസ്റ്റിലായത്.
രാത്രി 11 മണിയോടെ കരവട്ടിയിലെ കടയടച്ചു ജീവനക്കാർ പോയി. രണ്ടുമണിയോടെ കരവപ്പെട്ടി പോലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തി. മദ്യക്കുപ്പികൾ വീഴുന്ന ശബ്ദത്തിൽ സംശയം തോന്നിയ പൊലീസുകാർ പരിസരം പരിശോധിച്ചു. പരിശോധനയിൽ കടയ്ക്കു മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകൾ മുറിച്ചുമാറ്റിയതു കണ്ടു. വീണ്ടും നടന്ന പരിശോധനയിൽ ഒരുവശത്തെ ചുവർ തുരന്നതായി കണ്ടെത്തി. തുടർന്ന് പോലീസ് ഉള്ളിൽ കയറി പരിശോധിച്ചു.
സംഭവമിങ്ങനെയാണ്. പണം മോഷ്ടിക്കാൻ കയറിയതാണ് ഇരുവരും. മേശയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയുമെടുത്തു പുറത്തുകടക്കാൻ തയ്യാറായ മോഷ്ടാക്കളുടെ കണ്ണുകളിലേക്ക് നിരത്തി വച്ചിരുന്ന മദ്യക്കുപ്പികൾ പെട്ടു. ഇഷ്ടപ്പെട്ടതൊക്കെ രണ്ടുപേരും വേണ്ടുവോളം കഴിച്ചു. തലയ്ക്കു പിടിച്ചതോടെ രണ്ടുപേരും കടയ്ക്കുള്ളിൽ കുടുങ്ങി. പിന്നാലെയെത്തിയ പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു.