ഓണാഘോഷത്തെ ചൊല്ലി തർക്കം; 30 പേർക്കുള്ള സദ്യ കുപ്പയിലെറിഞ്ഞ് സിഐടിയു പ്രതിഷേധം

Sunday, September 4, 2022

 

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ കുപ്പത്തൊട്ടിയിലെറിഞ്ഞ് സിഐടിയു തൊഴിലാളികള്‍. തിരുവനന്തപുരം കോർപ്പറേഷനിലെ ചാല സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് ഭക്ഷണം കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ചത്.

തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം. ഓണാഘോഷം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. രാവിലെ ശുചീകരണ ജോലി ചെയ്യതെ ഒരു വിഭാ​ഗം തൊഴിലാളികൾ ഓണാഘോഷം തുടങ്ങി. ജോലി കഴിഞ്ഞിട്ടു മതി ആഘോഷമെന്ന് സെക്ര‌ട്ടറി നിർദേശിച്ചു. അതനുസരിച്ച് ജോലിക്ക് ഹാജരാകാൻ ഹെല്‍ത്ത് ഇൻസ്പെക്ടർ നിർദേശിച്ചതോടെയാണ് 30 പേര്‍ക്ക് ഒരുക്കിയ ഭക്ഷണം വലിച്ചെറിഞ്ഞ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഭക്ഷണത്തെ നിന്ദിച്ച നടപടിക്കെതിരെ വന്‍ വിമർശനമാണ് ഉയരുന്നത്.