മലപ്പുറം: കരിപ്പൂർ സ്വര്‍ണ്ണക്കവർച്ചാ കേസിൽ ഡിവൈഎഫ്ഐ മുൻ നേതാവ് കൂടിയായ അർജുൻ ആയങ്കി അറസ്റ്റിൽ. കൊണ്ടോട്ടി പോലീസാണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ സ്വർണ്ണക്കവർച്ചാ കേസിലും അർജുൻ ആയങ്കിയെ പ്രതിയാക്കുമെന്ന് മലപ്പുറം എസ്പി അറിയിച്ചു. കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കി ആണെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ് പറഞ്ഞു.
കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങോം നിന്നാണ് അർജുൻ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9 ന് കരിപ്പൂരിൽ കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് ഇയാള്‍. ഈ കേസിൽ നേരത്തെ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻ കോയ, 2 ഡിവൈഎഫ്ഐ നേതാക്കൾ എന്നിവർ ഉൾപ്പടെ 5 പേർ അറസ്റ്റിലായിരുന്നു. ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി നിയന്ത്രിച്ചിരുന്നത് അർജുൻ ആയങ്കിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേസില്‍ അര്ജുന് ആയങ്കിക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നുവെന്ന് എസ്പി എസ് സുജിത് ദാസ് പറഞ്ഞു. സ്വർണ്ണവുമായെത്തിയ കാരിയറുമായും തട്ടിക്കൊണ്ടു പോവാനെത്തിയ സംഘവുമായും അർജുൻ ആയങ്കി തുടർച്ചയായി ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചെന്നും എസ്പി അറിയിച്ചു.
ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപിഎം-ലീഗ്, സിപിഎം-ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കിക്ക് ലഹരിക്കടത്ത് സംഘങ്ങളുമായും അടുപ്പമുണ്ട്. പിന്നീട് ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. മറ്റ് നിരവധി സ്വർണ്ണക്കവർച്ചാ കേസുകളിലും ആയങ്കി പ്രതിയാണ്. 2021 ജൂണിൽ രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ സ്വർണ്ണക്കവർച്ചാ കേസിലും അർജുൻ ആയങ്കിയെ പ്രതിയാക്കും. രാമനാട്ടുകാര സ്വര്‍ണ്ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്ജുന് ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു. അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.
അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച 3 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ്, തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. യുവജന ക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫൽ. നൗഫലിനെ വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്. നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകയ്ക്കെടുത്ത് അർജുൻ ആയങ്കി കൊട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.