ക്രമസമാധാനം ഉറപ്പാക്കണം; വിഴിഞ്ഞം സമരത്തില്‍ ഹൈക്കോടതി

Jaihind Webdesk
Friday, August 26, 2022

 

കൊച്ചി: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ക്രമസമാധാനപ്രശ്നം ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. മത്സ്യത്തൊഴിലാളി സമരത്തില്‍ നിന്ന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമർശം.

ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ തീരദേശ വാസികൾ 11 ദിവസമായി തുടരുന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ. വിഷയത്തിൽ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സമരം കാരണം വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചെന്ന് അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദേശീയ പ്രാധാന്യം ഉള്ള പദ്ധതി 7 ദിവസമായി മുടങ്ങി നില്‍ക്കുകയാണ്.

പ്രശ്നം പരിഹരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. പദ്ധതി പ്രദേശത്ത് സിഐഎസ്എഫ് സുരക്ഷ ആവശ്യം ഇല്ല. പ്രശ്ന പരിഹാരത്തിന് സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ സംസ്ഥാനം സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണം എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. പദ്ധതി തടസപ്പെടുത്തുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമെന്ന് അദാനി പോര്‍ട്ട് ചൂണ്ടിക്കാട്ടി. വാദങ്ങൾ കേട്ട ശേഷം ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്നും വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും.