മൂല്യനിർണയത്തിലെ അപാകത: കാലിക്കറ്റ് സർവകലാശാലയില്‍ കൂട്ടത്തോൽവി പതിവാകുന്നു; വിസിക്ക് കത്ത് നല്‍കി കെഎസ്‌യു

Jaihind Webdesk
Thursday, August 4, 2022

 

മലപ്പുറം: മൂല്യനിർണയത്തിലെ അപാകതകൾ കാരണം കാലിക്കറ്റ് സർവകലാശാലയില്‍ കൂട്ടത്തോല്‍വി പതിവാകുന്നുവെന്ന് കെഎസ്‌യു. പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും ഉള്ള അപകതകൾ കാരണം വിദ്യാർത്ഥികൾ ബുദ്ധിമുട്ട് നേരിടുകയാണ്. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് വൈസ് ചാൻസിലർക്ക് കത്ത് നൽകി.

അഞ്ചാം സെമസ്റ്റർ പരീക്ഷാ ഫലം വന്നപ്പോൾ പുത്തനങ്ങാടി സെന്‍റ് മേരീസ് കോളേജിലെ ബി.എ ഇക്കണോമിക്സ് വിഭാഗത്തിലെ 22 വിദ്യാർത്ഥികളും, ബി.എ ഹിസ്റ്ററി വിഭാഗത്തിലെ 14 വിദ്യാർത്ഥികളും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറിൽ തോറ്റു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ 16 ബിഎസ്‌സി ഫിസിക്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടേഷണൽ ഫിസിക്സ് പേപ്പറിലും, കോഴിക്കോട് ഇലാഹിയ ആർട്സ് ആന്‍റ് സയൻസ് കോളേജിലെ 13 ബിഎസ്‌സി ഫിസിക്സ് വിദ്യാർത്ഥികളും ഓപ്പൺ കോഴ്സിൽ തോറ്റു. മഞ്ചേരി എൻഎസ്‌എസ്‌ കോളേജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർത്ഥികളിൽ 11 പേർ ന്യൂമറിക്കൽ അനാലിസിസ് പേപ്പറിലും ചെറുകുളമ്പ് ഐകെടിഎം കോളേജിലെ ബി.കോം വിദ്യാർത്ഥികളിൽ 15 പേർ ഫിനാൻഷ്യൽ മാർക്കറ്റ് ആന്‍റ് സർവീസ് പേപ്പറിലും കൂട്ട തോൽവി നേരിട്ടു. മഞ്ചേരി എച്ച്‌.എം കോളേജിലെ ആറാം സെമസ്റ്റർ ബിഎസ്‌സി സൈക്കോളജി വിഭാഗത്തിലെ 20 വിദ്യാർത്ഥികളുടെ പോസിറ്റീവ് സൈക്കോളജി പേപ്പർ കാണാതെയുമായി.

സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പി.ജി എൻട്രൻസ് പരീക്ഷ വിജയിച്ചവരും മറ്റ് സെമസ്റ്ററുകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരുമാണ് ഇവരിൽ ഭൂരിഭാഗവും. ഇത്തരത്തിൽ കൂട്ടത്തോൽവി സംഭവിക്കുന്ന സാഹചര്യങ്ങളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച് ഫലം പ്രഖ്യാപിക്കുമ്പോൾ ഉയർന്ന മാർക്ക് നേടി ജയിക്കുന്നതാണ് കാണാനാകുന്നത്. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ റിസള്‍ട്ട് എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുകയും പി.ജി ക്യാപ് രജിസ്ട്രേഷൻ അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി കൂടുതൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം നൽകണമെന്നും വൈസ് ചാൻസലർക്ക് നല്‍കിയ കത്തില്‍ കെഎസ്‌യു ആവശ്യപ്പെട്ടു.