തിരുവനന്തപുരം: ബഫര്‍ സോണ്‍ സംബന്ധിച്ച 2019-ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭായോഗ തീരുമാനം പ്രതിപക്ഷ നിലപാടിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
ബഫര്‍ സോണ്‍ സംബന്ധിച്ച 2019-ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തിരുത്താന്‍ തയാറായത് പ്രതിപക്ഷ നിലപാടിന്‍റെ വിജയമാണ്. ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന് 23-10-2019-ല്‍ മന്ത്രിസഭാ യോഗം എടുത്ത തീരുമാനമാണ് 31-10-2019 ല്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയത്. ജനവാസകേന്ദ്രങ്ങള്‍ ഇല്ലാതെ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്നാണ് 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിലപാട് മാറ്റി 2019ല്‍ പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവാണ് ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് വഴിവച്ചത്. തൊട്ടടുത്ത തമിഴ്‌നാട് പോലും സീറോ ബഫര്‍ സോണാണ് നിശ്ചയിച്ചിരിക്കുന്നത്.
വിധിക്കെതിരെ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയേയോ വനംപരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ജൂണ്‍ 10 ന് കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എംപവേര്‍ഡ് കമ്മിറ്റിയെ സമീപിക്കണമെങ്കില്‍ 2019 ലെ മന്ത്രിസഭാ തീരുമാനം തിരുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ തിരുത്താന്‍ തയാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. ഇപ്പോഴെങ്കിലും തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നു.
യു.ഡി.എഫ് എം.പിമാര്‍ വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്. ഇനി ഒറ്റെക്കെട്ടായി കേരളത്തിന്റെ തീരുമാനം പരിസ്ഥിതി മന്ത്രാലയം വഴി സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ട്. അതിനായി യു.ഡി.എഫ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.