എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി; പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരു സഭകളും നിർത്തിവെച്ചു

Tuesday, July 26, 2022

ന്യൂഡൽഹി: എംപിമാരുടെ സസ്‌പെൻഷനെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിലെ ഇരു സഭകളും നിർത്തിവെച്ചു. പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതിന് കഴിഞ്ഞ ദിവസം ടിഎൻ പ്രതാപനും രമ്യ ഹരിദാസും ഉൾപ്പെടെ നാല് എംപിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

ലോക്‌സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് അംഗങ്ങൾ ഇന്നും സഭയിലെത്തിയത്. ബഹളം ശക്തമായതിനെ തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധം ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി.

മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നിവരെയാണ് ഇന്നലെ സസ്‌പെൻഡ് ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ഇവർ പ്ലക്കാര്‍ഡുകള്‍ ഉയർത്തി പ്രതിഷേധിച്ചിരുന്നു. വർഷകാല സമ്മേളനം തീരുന്നതുവരെയാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.