കോഴിക്കോട്: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേന്ദ്ര ഏജൻസികളെ രാഷ്‌ട്രീയ പ്രതികാരം തീർക്കാന്‍ ഉപയോഗിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. അതിന്‍റെ ഭാഗമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡിയെ ഉപയോഗിച്ച് അകാരണമായി ചോദ്യം ചെയ്യുന്നത്. കേന്ദ്രത്തിന്‍റെ അതേ നയമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരും പിന്തുടരുന്നത്. ഇത്തരം വിരട്ടൽ രാഷ്ട്രീയം കോൺഗ്രസിനോട് ചെലവാകില്ലെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.
രാജ്യത്ത് ഇതുപോലെ ഭീതിജനകമായ ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല. വർത്തമാനകാല ഇന്ത്യയിൽ ഫാസിസത്തിന്‍റെ കടന്നുകയറ്റമാണ് കാണാനാകുന്നത്. മുഹമ്മദ് സുബൈർ എന്ന മാധ്യമപ്രവർത്തകൻ ജയിലിൽ കിടന്നത് എന്തിനുവേണ്ടിയാണെന്ന ഒരുമാസത്തിന് ശേഷമാണ് കോടതി ചോദിക്കുന്നത്. രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം പോലും ചർച്ച ചെയ്യാൻ പാർലമെന്‍റിൽ അനുവദിക്കുന്നില്ല.
ബിജെപി അധികാരത്തിൽ വന്നാൽ ഫാസിസം വരുമെന്ന് നമ്മൾ ഭയപ്പെട്ടു. ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു. സമസ്ത മേഖലകളിലും ഫാസിസത്തിന്‍റെ കടന്നുകയറ്റമാണ്. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. മതേതരത്വം ചോദ്യം ചെയ്യപ്പെടുന്നു. സാധാരണക്കാരെ ബാധിക്കുന്ന ഒരു കാര്യത്തിലും ചർച്ച പോലും നടത്താതെ ഭീഷണിപ്പെടുത്തുന്നു. ജനങ്ങൾ നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം, വർഗീയ വെല്ലുവിളികൾ, മഹാമാരി മൂലമുളള പ്രശ്നങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കൊന്നും ഒരു ചർച്ച പോലും അനുവദിക്കുന്നില്ല. പ്രതിഷേധിക്കുന്നവരെ നിശബ്ദമാക്കുന്നു. സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കാൻ തയാറെടുക്കുന്നു. ഇത്തരത്തില്‍ രാജ്യത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ വർഗീയ ഫാസിസ്റ്റ് ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നതെന്ന് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമമാണ് കാണാനാകുന്നത്. നീതിന്യായവ്യവസ്ഥയെപ്പോലും പ്രവർത്തിക്കാൻ മുകളിൽ നിന്നുള്ളവർ അനുവദിക്കുന്നില്ല. ജഡ്ജിമാർ ഇക്കാര്യം തുറന്നുപറയുന്നു. കേന്ദ്ര ഏജന്‍സികളെ പ്രതികാര രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ കോൺഗ്രസിന് ഒരു ചോദ്യം ചെയ്യലിനെയും ഭയമില്ല. നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വീട്ടിലെത്തി ചോദ്യം ചെയ്യുമെന്നാണ് എൻഫോഴ്സ്മെന്‍റ് അറിയിച്ചത്. താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്, ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായി മറുപടി നൽകാമെന്നായിരുന്നു സോണിയാ ഗാന്ധിയുടെ മറുപടി. എന്നിട്ടും പാർട്ടി ആസ്ഥാനത്തടക്കം നിരോധനാജ്ഞ ഏർപ്പെടുത്തി പാർട്ടി പ്രവർത്തകരെ പേടിപ്പിക്കാനാണ് അമിത് ഷായും നരേന്ദ്ര മോദിയും ശ്രമിച്ചത്. അത്തരം വിരട്ടലൊന്നും കോൺഗ്രസിനോടു വേണ്ട. ഈ മാസം 26ന് വീണ്ടും സോണിയാ ഗാന്ധി ഇഡിക്കു മുന്നിൽ ഹാജരാകും. അന്ന് രാജ്യത്തെമ്പാടും കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെല്ലാം സംസ്ഥാന തലസ്ഥാനത്ത് ഉപവസിക്കും. കേരളത്തിൽ തിരുവനന്തപുരത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാവും സത്യഗ്രഹം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണകർത്താക്കളടക്കം പാർട്ടിയുടെ മുഴുവൻ നേതാക്കളും ഈ സത്യഗ്രഹത്തിൽ പങ്കെടുക്കണമെന്നും കെ.സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
കേന്ദ്രത്തിലേതിന് സമാനമായ ഏകാധിപത്യ ഫാസിസ്റ്റ് ഭരണമാണ് കേരളത്തിലും നടക്കുന്നത്. ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനുമൊക്കെ പാർട്ടിക്ക് വിധേയമായിട്ടാണ് ഭരണം നടത്തിയിരുന്നത്. അക്കാലത്ത് ഭരണത്തിൽ പിശക് സംഭവിക്കുമ്പോൾ പാർട്ടി ഇടപെടുമായിരുന്നു. എന്നാൽ കഴിഞ്ഞ ആറു വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാർ സിപിഎമ്മിനെ ഇരുട്ടിൽ നിർത്തുകയാണ്. ഭരണത്തിൽ
അഴിമതിയും സ്വജനപക്ഷപാതവും ഏകാധിപത്യവും പ്രകടമായിട്ടും സിപിഎമ്മിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ കേരളം നാശത്തിലേക്ക് നീങ്ങുകയാണ്. ഇതിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം നടത്തുന്ന ചെറുത്തു നില്‍പ്പിനും പ്രക്ഷോഭങ്ങൾക്കും ഹൈക്കമാൻഡിന്‍റെ പൂർണ്ണമായ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അത്ഭുതങ്ങൾ സംഭവിപ്പിക്കാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസ്. ജനങ്ങളെ മുഴുവൻ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ നമുക്ക് കഴിയണം. 19 പാർലമെന്‍റ് അംഗങ്ങള്‍ എന്നത് 20 ആക്കി ഉയർത്താന്‍ കഴിയുന്ന പ്രവര്‍ത്തനമികവോടെ ഒറ്റക്കെട്ടായി ഒരേ മനസോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടുപോകണം. കോഴിക്കോട് കോണ്‍ഗ്രസിന്‍റെ നവസങ്കല്‍പ് ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.