തിരുവനന്തപുരം: കെ.കെ രമയ്ക്കെതിരായ എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശം നിയമസഭയില്‍ വീണ്ടും ഉന്നയിച്ച് പ്രതിപക്ഷം. രമയ്ക്കെതിരായ എം.എം മണിയുടെ പരാമര്‍ശം സഭാരേഖയില്‍നിന്ന് നീക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ആവശ്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മറുപടി നല്കി.
ഇത് ദുര്യോധനന്മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയാണോ എന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്റെ നിയമസഭയല്ല ഇത്. വൈധവ്യം വിധിയാണെന്ന് പറയുന്നതിലേക്ക് സിപിഎം എത്തി. ആനി രാജയെ ഉൾപ്പെടെ അപമാനിച്ചിട്ടും സിപിഐ ഉൾപ്പെടെ മൗനം പാലിക്കുന്നു. പരാമർശം നിയമസഭയെ കൗരവ സഭയാക്കി മാറ്റുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവാദ പരാമർശം നടത്തിയ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.