തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് പ്രതിപക്ഷത്തിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചെറുപ്പക്കാരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയ പാര്‍ട്ടിയുടെ മുഖ്യമന്ത്രി കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് പറയുകയാണോ എന്നും വി.ഡി സതീശന്‍ ചോദിച്ചു. കണ്ണൂരിലെ ബോംബ് സ്ഫോടനങ്ങളും സംസ്ഥാനത്തിന്‍റെ ക്രമസമാധാനനിലയും സഭയില്‍ ഉയർത്തി സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആർഎസ്എസ് ബന്ധം സംബന്ധിച്ച ആരോപണങ്ങളിലും പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചു. ഒരു യുഡിഎഫുകാരനും ആര്‍എസ്എസിന്‍റെ വോട്ട് തേടി വിജയിച്ച് നിയമസഭയിലെത്തിയിട്ടില്ല. അതേസമയം 1977 ല്‍ ആർഎസ്എസിന്‍റെ വോട്ട് നേടി നിയമസഭയിലെത്തിയ ആളാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ വാക്കൗട്ട് പ്രസംഗം:
ആക്രി സാധനങ്ങള്‍ക്കൊപ്പം കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കുന്നതിനിടെ അസം സ്വദേശികളായ അച്ഛനും 22 കാരനായ മകനും ക്രൂരമായി ചിതറിപ്പോയത് ഒരു വിഷയമെ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അടിയന്തിര പ്രമേയത്തിന് രണ്ടു വാചകത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി കല്‍ക്കട്ട വഴി അഗര്‍ത്തലയില്‍ പോയി ത്രിപുരയില്‍ കറങ്ങി വന്നു. പിന്നീട് വര്‍ഗീയതയ്ക്ക് എതിരായ സ്റ്റഡി ക്ലാസാണ് മുഖ്യമന്ത്രി നടത്തിയത്. യു.ഡി.എഫ് നിലനില്‍ക്കുന്നത് എല്‍.ഡി.എഫ് ഉള്ളത് കൊണ്ടാണെന്ന മഹത്തായൊരു കണ്ടുപിടുത്തം കൂടി മുഖ്യമന്ത്രി നടത്തി. സി.പി.എമ്മോ ആര്‍.എസ്.എസോ ബോംബ് ആക്രമണം നടത്തിയാലും സി.പി.എമ്മുകാരുടെയോ ആര്‍.എസ്.എസുകാരുടെ വീട്ടിലോ ബോംബ് സ്‌ഫോടനം ഉണ്ടായാലും ആരാണ് അതിന് ഉത്തരവാദിയെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികളെ പിടിക്കാത്തതിനാല്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്.
കളിക്കാന്‍ പോയ കുട്ടിയുടെയും തൊഴിലുറപ്പ് തൊഴിലാളിയുടെയും കാല് പോകുന്നു. അങ്ങനെ എത്ര നിരപരാധികളാണ് ബോംബ് സ്‌ഫോടനത്തില്‍ കൊല ചെയ്യപ്പെടുന്നത്? പാര്‍ട്ടിക്കാര്‍ മാത്രമല്ല കൊല ചെയ്യപ്പെടുന്നത്. ഇരിക്കൂറിലെ കുടിയാന്‍ മലയിലെ ഒരു വീട്ടില്‍ ബോംബ് സ്‌ഫോടനമുണ്ടായി രണ്ട് പേര്‍ മരിച്ചപ്പോള്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സ്ഥിരം പ്രസ്താവന സി.പി.എം പുറത്തിറക്കി. ഇതിന് പിന്നാലെ അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ശ്രീകണ്ഠാപുരത്തെത്തി മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും കുടുംബ സഹായ ഫണ്ട് നല്‍കി. അന്ന് പറഞ്ഞത് ഇവര്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയായവരാണെന്നാണ്. ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടവര്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷ ആയതാണെന്ന് പറഞ്ഞ അതേ പാര്‍ട്ടി സെക്രട്ടറിയാണ് മുഖ്യമന്ത്രിയുടെ റോളില്‍ ഇപ്പോള്‍ നിയമസഭയില്‍ വന്ന് സ്റ്റഡി ക്ലാസ് നല്‍കുന്നത്.
പിണറായി മുഖ്യമന്ത്രിയായ ശേഷം എത്ര കോണ്‍ഗ്രസുകാരാണ് കൊലചെയ്യപ്പെട്ടത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ശിരസില്‍ മഴുകൊണ്ട് വെട്ടി നിങ്ങള്‍ കൊലപ്പെടുത്തിയില്ലേ? ഷുഹൈബിനെയും ഷുക്കൂറിനെയും കൊലപ്പെടുത്തിയില്ലേ? മക്കളെ കുറിച്ച് ഇന്നലെ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വേദനയായിരുന്നു. ഇവരും മക്കളല്ലേ? ഈ മക്കളെ കൈയ്യും കാലും ഛേദിച്ച് എത്ര ക്രൂരമായാണ് കൊലപ്പെടുത്തിയത്. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് എങ്ങനെയാണ്? അദ്ദേഹത്തെ വിധവയെ നിങ്ങളുടെ നേതാക്കള്‍ ഇപ്പോഴും അപമാനിക്കുകയല്ലേ? നിങ്ങളുടെ പാര്‍ട്ടിയുടെ കൊടിയും പിടിച്ച് കുറെക്കാലം നടന്ന ആളെ 52 വെട്ട് വെട്ടി എങ്ങനെ കൊലപ്പെടുത്താന്‍ സാധിച്ചു? അതൊന്നും ഒരു മലയാളിയുടെയും മനസില്‍ നിന്നും മാഞ്ഞ് പോകില്ല. എന്നിട്ട് ആ കൊലപാതകങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്ത പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ സംസാരിക്കുന്നത്.
തൃപുരയില്‍ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ബി.ജെ.പിയില്‍ നിന്നും ഒരു സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. അവിടെ നിങ്ങള്‍ മൂന്നാം സ്ഥാനത്താണ്. എന്നിട്ടാണ് മുഖ്യമന്ത്രി ത്രിപുരയെ കുറിച്ച് പറയുന്നത്. കല്‍ക്കട്ടയില്‍ നിങ്ങളുടെ പാര്‍ട്ടി ഓഫീസുകളൊക്കെ ബി.ജെ.പി പിടിച്ചെടുത്തിരിക്കുകയാണ്. അവിടുത്തെ പാര്‍ട്ടി നേതാക്കളൊക്കെ ഇപ്പോള്‍ കേരളത്തില്‍ പണിക്ക് വരുന്നുണ്ട്. ബംഗാളിലും ത്രിപുരയിലും രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ നിങ്ങളുണ്ടോ?
ആര്‍.എസ്.എസുമായി കൂട്ടുചേര്‍ന്നാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 1977-ല്‍ ആര്‍.എസ്.എസിന്റെ വോട്ട് കിട്ടി വിജയിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എ അല്ലേ പിണറായി വിജയന്‍? നിങ്ങള്‍ ആര്‍.എസ്.എസ് നേതാക്കളുമായി ഒന്നിച്ച് വേദി പങ്കിട്ടില്ലേ? ആര്‍.എസ്.എസ് നേതാക്കള്‍ വന്ന് പിണറായി വിജയനെ ജയിപ്പിക്കണമെന്ന് പറഞ്ഞ് എം.എല്‍.എ ആയി വിജയിച്ച് വന്നയാളല്ലേ നിങ്ങള്‍? എന്നിട്ടാണ് ഞങ്ങളോട് പറയുന്നത്. ഒരു യു.ഡി.എഫുകാരനും അര്‍.എസ്.എസിന്റെ വോട്ട് തേടി വിജയിച്ച് ഇവിട വന്നിട്ടില്ല.
80 ശതാനം സ്‌ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെ അവസാനിക്കുകയാണ്. ഏത് പാര്‍ട്ടിക്കാരാണെങ്കിലും അവരുടെ അണികളെ കൊണ്ട് ബോംബ് ഉണ്ടാക്കിക്കുന്നതും അത് പൊട്ടി കുടുംബാംഗങ്ങളും നിരപരാധികളും രക്തസാക്ഷികളാകുന്നതും പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. സി.പി.എമ്മുകാര്‍ പ്രതികളായ കേസുകളില്‍ തുമ്പുണ്ടാകില്ല. എന്നാല്‍ ആര്‍.എസ്.എസും എസ്.ഡി.പി.ഐയും പ്രതികളായ കേസുകളില്‍ ആരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? കോടിയേരിയുടെ വേദിക്ക് സമീപം ബോംബ് പൊട്ടിയിട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ? അതിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെങ്കില്‍ അറസ്റ്റ് ചെയ്യണ്ടേ? എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്? ചാവക്കാട് ഞങ്ങളുടെ പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐക്കാരെ ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ? അഭിമന്യൂ കേസിലെ ഒന്നാം പ്രതി കോവിഡ് വന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ മാത്രമാണ് അറസ്റ്റിലായത്. കേരളത്തില്‍ കൈയ്യും വെട്ടും കാലും വെട്ടും എന്ന മുദ്രാവാക്യം വിളിച്ചത് ആരാണ്? എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ 20 പൊലീസുകാരുടെ അകമ്പടിയോടെയാണ് കോണ്‍ഗ്രസ് കൊടി കത്തിച്ചത്. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ?
ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ നിങ്ങളുടെ 7 പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടില്ലേ? അവരോടും അവരുടെ കുടുംബത്തോടും അനുകമ്പയെങ്കിലും കാണിക്കണ്ടേ? കേരളത്തില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത് പരമ്പരയായി ചാനല്‍ സംപ്രേക്ഷണം ചെയ്തത് പോലും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത മുഖ്യമന്ത്രിയ്ക്കില്ല. ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയരുത്. ദൈവത്തെ പോലും വിമര്‍ശിക്കുന്ന കാലമാണ്. അങ്ങ് കാരണഭൂതനാണെന്നൊക്കെ പറയുന്നത് കാര്യസാധ്യത്തിന് വേണ്ടിയാണ്. അതിലൊന്നും വീഴരുത്. ദൈവത്തിന്റെ നാടാണെന്ന് പറയുന്ന സ്ഥലത്ത് ബോബ് ഉണ്ടാക്കുന്നത് അപമാനകരമാണ്. കണ്ണൂരില്‍ സി.പി.എമ്മിന്റെ പവിത്രന്‍ മാഷ് സ്‌കൂളില്‍ പോയത് ബോംബുമായാണ്. നാടിന് അപമാനകരമായ ഈ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യില്ലെന്ന് പറയുന്ന മുഖ്യമന്ത്രി, വിഷയ ദാരിദ്രം ആര്‍ക്കാണെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തു.