തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍നിന്ന് കാണാതായ കിരണിന്‍റേതാണെന്ന് ബന്ധുക്കള്‍. കിരണിന്‍റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഡിഎന്‍എ പരിശോധനാഫലം ലഭിച്ചതിനുശേഷം മാത്രമേ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്‍റെ മൃതദേഹം തീരത്തടിഞ്ഞത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പിന്നാലെ കുളച്ചല്‍ പോലീസ് വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു. ഇതേത്തുടർന്ന് കിരണിന്‍റെ ബന്ധുക്കളും വിഴിഞ്ഞം പോലീസും കുളച്ചലില്‍ എത്തുകയായിരുന്നു. കിരണിനെ അപായപ്പെടുത്തിയതാണെന്നും പ്രതികളെ പിടികൂടണമെന്നും കിരണിന്‍റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ചയാണ് പെണ്‍സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ കിരണിനെ കാണാതായത്. കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമാണ് യുവാവിന്‍റെ ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്‍റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചില സിസി ടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.