‘ഗ്ലോറിഫൈഡ് കൊടി സുനി’ എന്ന വിശേഷണം മുഖ്യമന്ത്രി അര്‍ഹിക്കുന്നു: കെ സുധാകരന്‍ എംപി

Tuesday, July 5, 2022

തിരുവനന്തപുരം: ഗ്ലോറിഫൈഡ് കൊടിസുനിയെന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് ആ വിശേഷണം അദ്ദേഹം അര്‍ഹിക്കുന്നത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നാല്‍പ്പാടി വാസുവിനെ ഞാന്‍ പറഞ്ഞിട്ടില്ല വെടിവെച്ചത്. ആളുകളെ ഓടിച്ചുവിടാനായി എന്‍റെ ഗണ്‍മാനാണ് വെടിവെച്ചത്. വെടിവെക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഗണ്‍മാനോട് ക്ഷുഭിതനായിട്ടുണ്ടെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. ആ സംഭവത്തില്‍ വ്യക്തിപരമായി തനിക്ക് ഒരുപങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടെ നില്‍ക്കുന്ന വ്യക്തിയെ അവിശ്വസിച്ച് മൃഗീയമായി കൊന്ന വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി. മുഖ്യമന്ത്രി എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ എനിക്ക് പങ്കില്ല. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്‍റെ അപ്പുറവും ഇപ്പുറവും ചിതറികിടക്കുന്ന എന്‍റെ സഹപ്രവര്‍ത്തകരുടെ രക്തം ഇപ്പോഴും ഹൃദയത്തിലുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിയുമായി തനിക്ക് സന്ധി ചെയ്യാനാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഎമ്മില്‍ ഇപ്പോള്‍ റോളില്ലെന്നും എല്ലാം തീരുമാനിക്കുന്നത് പി ശശിയാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

ജനാധിപത്യ രീതിയില്‍ പ്രതികരിക്കാനുള്ള ആത്മവീര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനെ ഗുണ്ടായിസമായിട്ടാണ് സിപിഎം ചിത്രീകരിക്കുന്നത്. എകെജി സെന്‍റര്‍ ആക്രമത്തിന്‍റെ പിന്നിലാരാണെന്ന് ഇപി ജയരാജന് മാത്രമെ അറിയുള്ളൂ എന്നും കെ സുധാകരന്‍ എംപി പറഞ്ഞു.