തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മനഃപൂർവം സംഘർഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികൾ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വി സെന്‍സർ ചെയ്യുന്നു. മാധ്യമ സ്വാത്രന്ത്ര്യത്തിനും സഭാ സ്വാതന്ത്യത്തിനും എതിരായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വി സെൻസർ ചെയ്യുന്നു. ഇത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തും. മോദി ശൈലി കേരളത്തിൽ പറ്റില്ല. മീഡിയാ റൂമിൽ പോലും മാധ്യമങ്ങളെ കയറ്റുന്നില്ല. നടുത്തളത്തിലിറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണ്. ഞങ്ങളാരും സ്പീക്കറുടെ കസേര എടുത്ത് എറിഞ്ഞിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. സഭയില്‍ മന്ത്രിമാർ വരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ആ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സംഘർമുണ്ടാക്കിയവരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ആക്രമണം നടത്തിയവർ അവിടെ പ്രസംഗവും നടത്തിയ ശേഷമാണ് പൊലീസ് ഇടപെട്ടത്. മൂന്ന് സംഘങ്ങളാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറിയത്. മൂന്നാമത്തെ സംഘമാണ് ഗാന്ധിയുടെ ഫോട്ടോ നശിപ്പിച്ചത്. അതിന് മുമ്പുള്ള ഫോട്ടോയാണ് എസ്എഫ്ഐ ക്രിമിനലുകൾ പ്രചരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഗാന്ധി ഘാതകരായ സംഘപരിവാറിനേക്കാൾ വലിയ ഗാന്ധി നിന്ദയാണ് സിപിഎം കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ സഭാ കവാടത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.