കല്‍പ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതവും നിരന്തര ഗൂഢാലോചനയുടെയും ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കലാപങ്ങൾക്ക് ആസൂത്രണം നടക്കുന്നതെന്നും ഇന്നലത്തെ അക്രമ സംഭവത്തിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് നേരിട്ട് പങ്കുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഒരു സംഘം ഓഫീസിന്‍റെ മുൻഭാഗത്തെ ഷട്ടർ ആക്രമിക്കുന്നു, മറ്റൊരു സംഘം പിന്നിൽ കൂടി കയറി ഓഫീസ് നശിപ്പിക്കുന്നു. ഓഫീസിനുള്ളിൽ 55 മിനിറ്റ് നേരം അക്രമം നടന്നു. പോലീസും സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചു. മറ്റ് ചിത്രങ്ങൾ എസ്എഫ്ഐ തൊട്ടിട്ടില്ല. സംഘപരിവാർ ചെയ്യാത്ത കാര്യം കേരളത്തിൽ സിപിഎം ചെയ്യുകയാണ്. അമേഠിയിൽ നിന്നും പുറത്താക്കിയ പോലെ വയനാട്ടില്‍ നിന്നും രാഹുലിനെ പുറത്താക്കണമെന്ന സ്മൃതി ഇറാനിയുടെ പ്രസ്താവന കേരളത്തിലെ ബിജെപി ഏറ്റെടുത്തില്ലെങ്കിലും, സിപിഎം ഏറ്റെടുത്ത് നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ കോൺഗ്രസിനെ ആക്രമിച്ച് മുഖ്യമന്ത്രി കേന്ദ്രത്തെ സന്തോഷിപ്പിക്കുകയാണ്. സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കലാപങ്ങൾക്ക് ആസൂത്രണം നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് കോൺഗ്രസ് പ്രവർത്തകർക്ക് വൈകാരിക വിഷയമാണെന്നും, രക്ത സാക്ഷികളെ സൃഷ്ടിക്കാനാണ് സിപിഎം ശ്രമമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച രാഹുൽ ഗാന്ധിയുടെ ഓഫീസ് നേരത്തെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജീവനക്കാരേയും – കോൺഗ്രസ് പ്രവർത്തകരേയും വി.ഡി സതീശൻ സന്ദർശിച്ചു.