അഫ്ഗാന്‍ ഭൂചലനം: മരണസംഖ്യ 950 ആയി; നൂറുകണക്കിന് പേർക്ക് പരിക്ക്

Jaihind Webdesk
Wednesday, June 22, 2022

 

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 950 ആയി.  6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ ദുരന്ത നിവാരണ വകുപ്പ് സഹമന്ത്രി മൗലവി ഷറഫുദ്ദീന്‍ മുസ്‌ലിം കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ചാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം ഉണ്ടായി. കൂടാതെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

ഖോസ്റ്റ്, പക്ടിക പ്രവിശ്യകളിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പക്ടികയിൽ 90 വീടുകൾ തകർന്നെന്നാണ് റിപ്പോർട്ട്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. പക്ടികയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റർ വഴിയാണ് രക്ഷപ്പെടുത്തുന്നത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.