അബുദാബി : നടന് ജയസൂര്യയ്ക്ക് യുഎഇ ഗവണ്മെന്റിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചു. സിനിമയില്‍ ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ട ജയസൂര്യയ്ക്ക് ആക്ടര്‍ എന്ന വിഭാഗത്തില്‍ വീസ നല്‍കിയാണ് യുഎഇ ഗവണ്മെന്റ് ആദരിച്ചത്.
രണ്ട് ദിവസം മുമ്പ് തിയേറ്ററുകളിലെത്തിയ ജോണ്‍ ലൂഥര്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ മികച്ച പ്രതികരണത്തിനിടെയാണ് താരത്തിനെ തേടി ഈ സന്തോഷ വാര്‍ത്ത എത്തിയത്. അബുദാബിയില്‍ നടന്ന ചടങ്ങില്‍ അബുദാബി എമിഗ്രേഷന്‍ ഉന്നത ഉദ്യോസ്ഥരും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയും സംബന്ധിച്ചു. ഭാര്യ സരിതയ്ക്കൊപ്പമാണ് ജയസൂര്യ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. ലുലു ഗ്രൂപ്പിന്റെ ഗ്ളോബല്‍ ചീഫ് കമ്മ്യൂണിക്കേഷന്‍
ഓഫീസര്‍ (സിസിഒ) വി നന്ദകുമാറും ചടങ്ങില്‍ സംബന്ധിച്ചു.
ഒരു ദേശീയ അവാര്‍ഡും മൂന്ന് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വന്തമാക്കിയ ജയസൂര്യ സിനിമയില്‍ വിജയകരമായ ഇരുപത് വര്‍ഷം പിന്നിടുമ്പോഴാണ് ഈ അംഗീകാരം. നൂറ്റിയഞ്ചാമത്തെ സിനിമയായ കത്തനാറിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുകയാണ്. 75 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണിത്. മലയാള സിനിമയില്‍ നായകനായി അഭിനയിച്ച് 20 വര്‍ഷം പിന്നിട്ട നടന് ജയസൂര്യയ്ക്ക് യുഎഇ ഗവണ്മെന്റിന്റെ ആദരം കൂടിയായി ചടങ്ങ് മാറി.