‘പിണറായിക്കുള്ള ഷോക്ക് ട്രീറ്റ്മെന്‍റാകണം തൃക്കാക്കര’; യുഡിഎഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Tuesday, May 10, 2022

കൊച്ചി : യുഡിഎഫിന്‍റെ സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പാലാരിവട്ടത്ത് നടന്നു. മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. കെ റെയിലുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയനുള്ള ഷോക്ക് ട്രീറ്റ്മെന്‍റായി തൃക്കാക്കരയിലെ ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്ന് വിഎം സുധീരൻ പറഞ്ഞു.

കെഎസ്ആർടിസിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തവരാണ് കെ റെയിൽ നടപ്പിലാക്കാൻ നോക്കുന്നത്. മൂലമ്പിള്ളിയിലെ 320 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പറ്റാത്തവരാണ് കെ റെയിലിനായി 20,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം വി.എം സുധീരന്‍ ചൂണ്ടിക്കാട്ടി. പി.ടി ഉയർത്തിയ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെയും ജനപക്ഷ രാഷ്ട്രീയത്തിന്‍റെയും സന്ദേശവാഹകയാവാൻ ഉമയ്ക്ക് സാധിക്കും. ഇടതുപക്ഷം മൂല്യങ്ങൾ കൈവിട്ട് അവസരവാദപരമായി മുന്നോട്ട് പോകുമ്പോൾ ഉമാ തോമസ് അതിനെതിരെയുള്ള തിരുത്തൽ ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

 

ഉമയുടെ വിനയപൂർവവും പക്വതയോടെയുമുള്ള പ്രതികരണങ്ങൾ കാണുമ്പോൾ തന്നെ മനസിലാവും പ്രതിസന്ധികൾക്കിടയിൽ പി.ടി നേടിയ ഭൂരിപക്ഷം ഉമ വർധിപ്പിക്കുമെന്ന കാര്യം. ഇന്ധന വില വർധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന, ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്ന, മദ്യ മയക്കുമരുന്ന് കൊട്ടേഷൻ സംഘങ്ങൾക്ക് ഭരണം തീറെഴുതി നൽകിയ സ്ത്രീ സുരക്ഷ ഇല്ലായ്മ ചെയ്ത നരേന്ദ്ര മോദിയും പിണറായി വിജയനും നയിക്കുന്ന ജനദ്രോഹ സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ടി.ജെ വിനോദ് എംഎൽഎ, നേതാക്കളായ ഷിബു തെക്കുംപുറം, അബ്ദുൾ മുത്തലിബ്, കെ.പി ധനപാലൻ, ദീപ്തി മേരി വർഗീസ്, ജോസഫ് അലക്സ്, പി.കെ ജലീൽ, നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ എന്നിവർ സന്നിഹിതരായിരുന്നു.