കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് യുഡിഎഫ് അന്തിമരൂപം നൽകിയെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. മെയ് 11 മുതൽ യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സർക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിന്റെ വിലയിരുത്തലായിരിക്കും ഉപതെരഞ്ഞെടുപ്പ്. വിനാശകരമായ വികസന പ്രവർത്തനങ്ങൾ യുഡിഎഫ് ചർച്ചയാക്കുമെന്നും പൊള്ളയായ അവകാശവാദങ്ങൾക്കെതിരെ ജനം പ്രതികരിക്കുമെന്നും എം.എം ഹസൻ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങളും ചർച്ചയാവും. യുഡിഎഫ് സർക്കാറുകൾ കൊണ്ടുവന്ന ക്ഷേമ പ്രവർത്തനങ്ങൾ നിർത്തലാക്കിയ ഇടതുസർക്കാർ വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും എം.എം ഹസ്സൻ ചോദിച്ചു. എറണാകുളത്തെ മുഴുവൻ വികസനങ്ങളും കൊണ്ട് വന്നത് മുൻ യുഡിഎഫ് സർക്കാറുകളാണെന്നും ഈ വിഷയത്തിൽ ഒരു സംവാദത്തിന് സിപിഎം തയാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഒരു വ്യക്തിയുടെ പേര് സ്ഥാനാർത്ഥിയായി ചുവരെഴുതിയ ശേഷം ഇടതുമുന്നണി മാറ്റുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. യുഡിഎഫിലായിരുന്നു ഇത്തരം സംഭവങ്ങൾ എങ്കിൽ എന്തായിയിരുന്നു അവസ്ഥയെന്നും എം.എം ഹസൻ ചോദിച്ചു. തൃക്കാക്കരയിൽ തോറ്റാൽ സർക്കാർ കെ റെയിൽ ഉപേക്ഷിക്കുമോ എന്ന് മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.