തൃശൂർ ഇനി പൂര ലഹരിയിലേക്ക്. ഈ വർഷത്തെ പൂരത്തിന് ആഹ്ലാദാരവങ്ങളോടെ കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ ചടങ്ങുകൾ നടന്നു. ഘടക ക്ഷേത്രങ്ങളിലെ ചടങ്ങുകൾ വൈകുന്നേരത്തോടെ പൂർത്തിയാകും.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടി. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയർത്തി. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി പൂരത്തിന്‍റെ വരവറിയിച്ചു.
തുടര്‍ന്ന് തിരുവമ്പാടിയില്‍ കൊടിയേറ്റ് നടന്നു. പൂജിച്ച കൊടിക്കൂറ ചാര്‍ത്തി ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തി. 8 ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറി. പത്തിനാണ് തൃശൂർ പൂരം. എട്ടിന് സാമ്പിൾ വെടിക്കെട്ടും 11 ന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടക്കും.