എഎംഎംഎയില്‍ കലഹം രൂക്ഷം; മാല പാർവതിക്ക് പിന്നാലെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു

Jaihind Webdesk
Tuesday, May 3, 2022

 

എറണാകുളം: മലയാള സിനിമാ താരസംഘടനയായ എഎംഎംഎയിൽ പൊട്ടിത്തെറി. ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടിമാരായ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. കഴിഞ്ഞ ദിവസം നടി മാല പാർവതിയും രാജിവെച്ചിരുന്നു.

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി ഉയർന്നതിന് പിന്നാലെ വിജയ് ബാബുവിനെ സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ നിന്നും പുറത്താക്കണമെന്ന് ശ്വേത മേനോൻ അധ്യക്ഷയായ അഭ്യന്തര പരാതി പരിഹാര സമിതി നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം സംഘടന നേതൃത്വം മുഖവിലക്കെടുത്തില്ല. ഇതാണ് താര സംഘടനയിൽ പുതിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. നേതൃത്വത്തിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് നടി മാല പാർവതി ഇന്നലെ രാജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേത മേനോനും കുക്കു പരമേശ്വരനും ഇന്ന് രാജി പ്രഖ്യാപിച്ചത്.

വിജയ് ബാബുവിനെതിരെ കർശന നടപടി വേണമെന്ന നിലപാട് എഎംഎംഎ എക്സിക്യൂട്ടീവ് പരിഗണിച്ചില്ല. പകരം മാറി നില്‍ക്കാന്‍ സന്നദ്ധനാണെന്ന വിജയ് ബാബുവിന്‍റെ കത്ത് അംഗീകരിക്കുകയാണ് ചെയ്തത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് ചെയര്‍പേഴ്സണ്‍ ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടരാജി. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് വിജയ് ബാബു അമ്മയ്ക്ക് നല്‍കിയ കത്തില്‍ അറിയിച്ചത്. തന്‍റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്നും വിജയ് ബാബു സംഘടനയെ അറിയിച്ചിരുന്നു. ഇത് നേതൃത്വം അംഗീകരിച്ചതാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്.

വിജയ് ബാബുവിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും ഐസിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നടനെ ഭരണസമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്.