‘വിദ്യാര്‍ത്ഥി പ്രസ്ഥാനകാലം മുതലുള്ള ആത്മബന്ധം, നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് കെപിസിസി പ്രസിഡന്‍റ്

Monday, April 25, 2022

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ദീര്‍ഘനാളത്തെ വ്യക്തിബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനകാലം മുതല്‍ തുടങ്ങിയ ആത്മബന്ധമാണെന്നും കെ സുധാകരന്‍ എംപി അനുസ്മരിച്ചു.

”അസുഖബാധിതനായിരുന്ന കാലത്ത് അദ്ദേഹത്തെ ഞാന്‍ രണ്ടുതവണ സന്ദര്‍ശിച്ചിരുന്നു. നിഷ്കളങ്കമായ മനസിനുടമയായിരുന്നു അദ്ദേഹം. അവശതകളിലും നര്‍മ്മരസത്തോടെ തമാശപ്പറഞ്ഞ് ‍‍‍ അദ്ദേഹം ഞങ്ങളെ ചിരിപ്പിച്ചത് വേദനയോടെ ഇൗ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. യുവജനപ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് എനിക്ക് അദ്ദേഹത്തോടൊപ്പം കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഒരുമിച്ച് സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഭരണനിര്‍വഹണ രംഗത്ത് അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചു. അതിന് ലഭിച്ച അംഗീകാരം ആയിരുന്നു അദ്ദേഹത്തിന് ലഭിച്ച ഗവര്‍ണ്ണര്‍ പദവി. മന്ത്രി എന്നനിലയിലും ജനപ്രതിനിധിയെന്ന നിലയിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് ശങ്കരനാരായണന്‍ കാഴ്ചവെച്ചത്.

ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ തന്‍റേടത്തോടെ ആരുടെ മുന്നിലും തുറന്ന്പറയുന്ന വ്യക്തിത്വത്തിന് ഉടമ. സംഘടനാ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. എല്ലാവരെയും ഒരുപോലെ സ്നേഹിച്ച നേതാവ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയ ശെെലിയായിരുന്നില്ല അദ്ദേഹത്തിന്‍റെത്. കാപട്യത്തിന്‍റെയും കളങ്കത്തിന്‍റെയും ചെറിയ കണികപോലും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ദര്‍ശിക്കാന്‍ കഴിയില്ല. കെ.ശങ്കരനാരായണന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണ്”