‘ഈ കോൺഗ്രസാണ് ഇല്ലാതാകുമെന്ന് പിണറായി വ്യാമോഹിക്കുന്നത്’; ഓഫീസടക്കം സംഘപരിവാറിൽ ലയിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ എന്താണ്?

Monday, April 18, 2022

കോൺഗ്രസ് ഇല്ലാതാകും എന്നത് പിണറായി വിജയൻ്റെ വ്യാമോഹമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. കമ്യൂണിസ്റ്റ് പാർട്ടികൾ ഓഫീസടക്കം സംഘപരിവാറിൽ ലയിച്ചാണ് കോൺഗ്രസിന് ബദലായി ബിജെപിയെ വളർത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രസ്ഥാനം രൂപം കൊണ്ടിട്ട് 137 വർഷങ്ങളായി. ഈ വർഷങ്ങളൊക്കെയും തന്നെ ഒന്നാമതോ രണ്ടാമതോ ആയി കോൺഗ്രസ് രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഇനിയങ്ങോട്ടും അതങ്ങനെ തന്നെയായിരിക്കും. കോൺഗ്രസിനെ തകർത്ത് ബിജെപിയ്ക്ക് ചിരപ്രതിഷ്ഠ നടത്താൻ ഇറങ്ങുന്ന സകലരോടും പറയാനുള്ളത് ഇതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഛത്തിസ്ഗഡിലെയും മഹാരാഷ്ട്രയിലെയും ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് എതിരായ ജയത്തിന് പിന്നാലെയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

2018-ൽ മൂന്നാം സ്ഥാനത്തായിരുന്ന ഛത്തീസ്ഗഢിലെ ഖൈറാഗഡ് മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് ജയിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ കോലാപ്പൂർ നോർത്തിലും കോൺഗ്രസ് ബിജെപി യെ പരാജയപ്പെടുത്തിയിരിക്കുന്നു.

ഈ കോൺഗ്രസ് ആണ് ഇല്ലാതാകുമെന്ന് പിണറായി വിജയൻ വ്യാമോഹിക്കുന്നത്. ഈ കോൺഗ്രസ് ആണ് ബിജെപിയ്ക്ക് ബദൽ അല്ല എന്ന് കോട്ടിട്ടവരും കോട്ടിടാത്തവരും ആയ സിപിഎം നേതാക്കൾ വട്ടംകൂടി ചർച്ച ചെയ്ത് കണ്ണൂരിൽ പ്രഖ്യാപിച്ചത്, കേരളത്തിലെ സിപിഎം സ്തുതിപാഠക മാധ്യമങ്ങൾ ഏറ്റു പാടിയത്.

ശരിയാണ്, കോൺഗ്രസിന് ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആത്മാവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് തിരിച്ചറിയാത്ത പലരും അക്കരപ്പച്ച കണ്ട് പാർട്ടി വിട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ അവസ്ഥ മാധ്യമങ്ങൾ ചർച്ചയാക്കാറുണ്ടോ?
കോൺഗ്രസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി കമ്യൂണിസ്റ്റ് പാർട്ടികൾ ആയിരുന്നു. എന്നിട്ട് കോൺഗ്രസ് തളർന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിൽ വന്നോ?
ഉത്തരം ലളിതമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഓഫീസടക്കം സംഘപരിവാറിൽ ലയിച്ചാണ് കോൺഗ്രസിന് ബദലായി ബിജെപിയെ വളർത്തിയത്.

നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരണാസിയിൽ നിന്ന് വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് എം പി ഉണ്ടായിരുന്നുവെന്ന കാര്യം മറന്നു പോകരുത്. ഉത്തർപ്രദേശടക്കം ഉത്തരേന്ത്യയിലെ കമ്യൂണിസ്റ്റ് കോട്ടകളും ഓഫീസുകളും നേതാക്കളും അവരുടെ പിൻതലമുറകളും ഇന്നെവിടെ?
കോൺഗ്രസിനെ തകർത്ത് ബിജെപിയ്ക്ക് ചിരപ്രതിഷ്ഠ നടത്താൻ ഇറങ്ങുന്ന സകലരോടും പറയാനുള്ളത്, ഈ പ്രസ്ഥാനം രൂപം കൊണ്ടിട്ട് 137 വർഷങ്ങളായി. ഈ വർഷങ്ങളൊക്കെയും തന്നെ ഒന്നാമതോ രണ്ടാമതോ ആയി കോൺഗ്രസ് രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഇനിയങ്ങോട്ടും അതങ്ങനെ തന്നെയായിരിക്കും.