കെ സ്വിഫ്റ്റിന് വീണ്ടും അപകടം ; ഇത്തവണ താമരശ്ശേരിയില്‍; മൂന്നു ദിവസത്തില്‍ നാലാം അപകടം

Thursday, April 14, 2022

ഉദ്ഘാടനം കഴിഞ്ഞ് മൂന്നു ദിവസത്തിനിടെ കെ സ്വിഫ്റ്റ് ബസ് നാലാമതും  അപകടത്തില്‍. ഇത്തവണ താമരശേരി ചുരത്തിലെ ആറാം വളവിലാണ് അപകടമുണ്ടായത്. വയനാട്ടിലേക്കുള്ള യാത്ര മദ്ധ്യേ ബസ് പാര്‍ശ്വഭിത്തിയില്‍ തട്ടിയതാണ് അപകടകാരണം. കഴിഞ്ഞ ദിവസം വൈകുന്നേരം 7.30ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച ഡീലക്‌സ് എയര്‍ ബസാണ് താമരശേരി ചുരത്തില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇന്ന് പുലർച്ചെ തൃശുരില്‍ വച്ച് കെ സ്വിഫിറ്റിടിച്ച് തമിഴനാട് സ്വദേശി മരണപ്പെട്ടിരുന്നു. സ്വകാര്യ വാന്‍ തട്ടിയിട്ട മധ്യവയസ്കന്‍റെ പുറത്തുകൂടി ബസ്  കയറുകയായിരുന്നു.  കെ സ്വിഫ്റ്റ് ആദ്യം അപകടത്തില്‍പ്പെട്ടത്  തിരുവനന്തപുരം കല്ലമ്പലത്തിന് സമീപത്തെയായിരുന്നു.  അപകടത്തില്‍ 35,000 രൂപ  വിലമതിക്കുന്ന   സൈഡ് മിറര്‍ ഇളകി. കഴിഞ്ഞ ദിവസം മലപ്പുറം കോട്ടയ്ക്കലിലും കഴിഞ്ഞ ദിവസം ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തും മലപ്പുറത്തും നടന്ന അപകടത്തിന് കാരണം ഡ്രൈവര്‍മാരുടെ വീഴ്ചയാണെന്ന ഇന്‍റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരേയും ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.