തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; കൊല്ലത്ത് വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു

Monday, April 4, 2022

തിരുവനന്തപുരം: വേനല്‍ച്ചൂടിന് ആശ്വാസമായി കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. ഉച്ചയ്ക്ക് ശേഷമാണ് കനത്ത കാറ്റോട് കൂടി മഴയെത്തിയത്. തിരുവനന്തപുരത്ത് മിക്ക സ്ഥലങ്ങളിലും നല്ല മഴ ലഭിച്ചു. വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മഴയുണ്ടാകുമെന്ന്കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്ക് പിന്നാലെ അരുവിക്കര ഡാമിന്‍റെ രണ്ടാമത്തെ ഷട്ടർ  ഇരുപത് സെന്‍റി മീറ്റർ ഉയർത്തുമെന്നും പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൊല്ലം ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ പിഴുതു വീണ് വീടുകൾ തകർന്നു. റബർ മരങ്ങൾ കടപുഴകി വീണ് ചടയമംഗലത്ത് വീട് തകർന്നു. ശക്തമായ കാറ്റും മഴയും കാരണം പലയിടത്തും ഗതാഗത തടസമുണ്ടായി ചാത്തന്നൂർ, പാരിപ്പള്ളി ദേശീയ പാതയിൽ വാഹനങ്ങൾ പലയിടത്തും നിർത്തിയിടേണ്ടി വന്നു.

ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാന് സമീപത്തായി ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് അടുത്ത  24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.  ഇതോടെ കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത സജീവമായി.