ഉടമസ്ഥരെ മുന്‍കൂർ അറിയിക്കാതെ കല്ലുകളുമായി വീട്ടില്‍ കയറുന്നത് നിയമപരമാണോ?: ഹൈക്കോടതി

Monday, March 28, 2022

High-Court-10

കൊച്ചി: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്നും കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ഏത് പദ്ധതിയാണെങ്കിലും നിയമപരമായി നടത്തണമെന്നും കോടതി വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതി ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ മുമ്പാകെ എത്തിയത്.

കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. അതേ സമയം ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ല.  സര്‍വേയുടെ രീതി നിയമപരമാണോ എന്ന് ചിന്തിക്കണം. ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പ്രവേശിച്ച് സര്‍വേ നടത്തുമ്പോള്‍ ഉടമയെ അറിയിക്കേണ്ട ബാധ്യതയുണ്ട്. അല്ലാതെ കടന്നുകയറി കല്ലിട്ട് പോകുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.