കൊച്ചി : കോൺഗ്രസ് മെമ്പർഷിപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള മധ്യമേഖലാ കൺവെൻഷൻ എറണാകുളത്ത് നടന്നു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു.
ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ പ്രധാന പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യയുടെ ചരിത്രത്തിൽ സ്ഥാനമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താൻ പരമാവധി ആളുകളെ പാർട്ടിയിൽ അംഗങ്ങളാക്കണമെന്ന് താരിഖ് അൻവർ പറഞ്ഞു. വിഭജിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ബിജെപി ഭരണത്തിൽ ജനം പൊറുതിമുട്ടുകയാണ്. ബിജെപിയെ പ്രതിരോധിക്കാൻ കഴിയുന്ന ഏക പ്രസ്ഥാനം കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ പദ്ധതി കേരളത്തിലെ നന്ദിഗ്രാം ആവും. സമരം തീരുമ്പോൾ സിപിഎം കേരളത്തിൽ ഇല്ലാതാവുമെന്നും കെ റെയിൽ സമരസമിതിക്ക് ഒപ്പം കോൺഗ്രസ് ഉണ്ടാവുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു.
മാർച്ച് 25 മുതൽ 31 വരെ സംസ്ഥാനത്ത് മെമ്പർഷിപ്പ് വാരമായി ആചരിക്കുമെന്നും
മാർച്ച് 30 സമ്പൂർണ്ണ മെമ്പർഷിപ്പ് പൂർത്തീകരണ ദിനമായിരിക്കുമെന്നും കെ സുധാകരൻ എംപി അറിയിച്ചു. ചടങ്ങിൽ എഐസിസി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, ശ്രീനിവാസൻ കൃഷ്ണൻ, വിശ്വനാഥ്, നിയുക്ത രാജ്യസഭാ എം.പി ജെബി മേത്തർ, കെപിസിസി ഭാരവാഹികൾ, എംഎൽഎമാർ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.