ഇന്ധനത്തിനും പാചക വാതകത്തിനും വിലയുയർത്തി കേന്ദ്രം : വൈദ്യുതി നിരക്കും ബസ് ചാർജും വർദ്ധിപ്പിക്കാന്‍ സംസ്ഥാനം : പൊറുതിമുട്ടാന്‍ ജനം

Jaihind Webdesk
Tuesday, March 22, 2022

കൊവിഡ് മഹാമാരിയില്‍ നിന്ന് കരകയറാന്‍ പെടാപാട് പെടുന്ന ജനങ്ങള്‍ക്ക് മേല്‍ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും നിരക്കുയർത്തി പൊറുതിമുട്ടിക്കുന്നു. കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും പുറമേ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറിനും വില ഉയർത്തിയത് സാധാരണക്കാരന് ഇരുട്ടടിയായി. സിലിന്‍ഡറിന് 50 രൂപയാണ് ഒറ്റയടിക്ക് കേന്ദ്രം ഉയർത്തിയത്. അതേസമയം സംസ്ഥാന സർക്കാർ ബസ് ചാർജ്, വൈദ്യുതി ചാർജ് , ഓട്ടോ ടാക്സി ചാർജ് എന്നിവ എത്രയും വേഗം ഉയർത്താനുള്ള നീക്കത്തിലാണ്. വിദ്യാത്ഥികളുടെ കൺസഷന്‍ നിരക്കും  വർദ്ധിപ്പിച്ചേക്കും. കൺസഷന്‍ ഉപയോഗിക്കുന്നത് വിദ്യാർത്ഥികള്‍ക്ക് നാണക്കേടാണെന്നും 5 രൂപ കൊടുക്കുന്ന കുട്ടികള്‍ക്ക് ബാക്കി വാങ്ങാന്‍ മടിയാണെന്നുമുള്ള ഗതാഗത മന്ത്രിയുടെ വിവാദ പ്രസ്താവന നിരക്ക് വർധനയുടെ സൂചനയാണ്.

ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധന വില വർധനയ്ക്ക് താത്കാലിക ആശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി സർക്കാർ തനിനിറം കാട്ടിതുടങ്ങിയിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന്  107.31 രൂപയും ഡീസലിന് 94.41 രൂപയും  കൊച്ചിയില്‍  പെട്രോളിന് 105.18 രൂപയും  ഡീസലിന് 92.40 രൂപയുമായി ഉയർന്നു.ഗാർഹിക  സിലിന്‍ഡറിന് 50 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ 956 രൂപയായി . 5 കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.