തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. പുന്തുറ പോലീസ് കസ്റ്റഡിയിലിരിക്കെ സ്വദേശി സനോബർ ആണ് മരിച്ചത് . കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പൂന്തുറ സ്വദേശി സനോബർ ജീപ്പിൽ നിന്ന് വീണത്. അതേസമയം പോലീസ് മർദ്ദിച്ചപ്പോൾ സനോബർ ജീപ്പിൽ നിന്നും ചാടിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
സനോബറിന്‍റെ ബന്ധുക്കളും ഭാര്യയും പോലീസില്‍ പരാതി നൽകി. സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വീഴ്ചയിൽ സനോബറിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു. നാല് ദിവസം ആശുപത്രിയില്‍ തുടർന്ന സനോബർ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാർ പൂന്തുറ പൊലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയതിന് പിന്നാലെ സനോബർ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിച്ചു. തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ വീട്ടിലെത്തിച്ചു. എന്നാൽ സനോബറിനെ വീട്ടില്‍ നിര്‍ത്തുന്നതിനോട് ബന്ധുക്കള്‍ എതിർപ്പ് പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് കസ്റ്റഡിയില്‍ വെക്കാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജീപ്പിൽ നിന്നു വീണത്.