ആലപ്പുഴ : സംസ്ഥാനത്തുടനീളം കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. കെ റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യവുമായി യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ജനസദസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ജംഗ്‌ഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിര്‍വഹിച്ചു. സിൽവർലൈൻ ഡിപിആർ അബദ്ധപഞ്ചാംഗമാണെന്നും സ്ഥലം നഷ്ടപ്പെടുന്നവർ മാത്രമല്ല, കേരളം മുഴുവനും പദ്ധതിയുടെ ഇരകൾ ആകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വി.ഡി സതീശന്‍
കമ്മീഷന്‍ മാത്രമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. സിൽവർ ലൈനിന്‍റെ ടെക്നോളജി രൂപീകരിക്കുന്നത് ആരാണെന്ന് വ്യക്തമാക്കണം. ഒരു അനുമതിയും ഇല്ലാതെ കമ്മീഷൻ ലക്ഷ്യമാക്കി സർക്കാർ മുന്നോട്ട് പോകുകയാണ്. ബംഗാളിലെ നന്ദിഗ്രാം ആണ് കേരളത്തിലെ സിൽവർ ലൈൻ പദ്ധതി. കേരളത്തെ കടക്കെണിയിൽ ആഴ്ത്തുന്നതും നിലവിലെ പൊതു ഗതാഗത സംവിധാനത്തെ മുഴുവൻ തകർക്കുന്നതുമാണ് പദ്ധതി.
ഉമ്മന്‍ ചാണ്ടി
ജനങ്ങളെ അടിച്ചമർത്തി ഏതെങ്കിലും പദ്ധതി നടപ്പിലാക്കുവാൻ ഉള്ളതല്ല അധികാരം എന്ന് പിണറായി വിജയൻ തിരിച്ചറിയണം. സിൽവർ ലൈനിന് ചെലവഴിക്കുന്നതിന്‍റെ പത്തിലൊന്ന് തുകയ്ക്ക് നിലവിലെ പാത നവീകരിക്കാം. സിൽവർ ലൈൻ ഒരിക്കലും നടപ്പിലാക്കില്ല.
രമേശ് ചെന്നിത്തല
എന്നും കേരളത്തിന്‍റെ വികസനത്തിന് എതിര് നിന്ന ചരിത്രമാണ് സിപിഎമ്മിന് ഉള്ളത്. യുഡിഎഫ് ഒരിക്കലും വികസനത്തിന് എതിര് നിന്നിട്ടില്ല. പിണറായിക്ക് ബുദ്ധദേവ് ഭട്ടാചാര്യയുടെ അവസ്ഥയുണ്ടാകും. ആഗോള ടെണ്ടർ ഇല്ലാതെയാണ് കൺസൽട്ടേഷൻ കമ്പനിയെ നിയോഗിച്ചത്. ഭൂമി പണയപ്പെടുത്തി വിദേശ വായ്പ നേടുവാനാണ് സിൽവർ ലൈൻ കല്ലിടൽ നടത്തുന്നത്. കൊടിയ അഴിമതിയും കമ്മീഷനും മാത്രമാണ് സർക്കാർ ലക്ഷ്യം. മുഖ്യമന്ത്രി ജനങ്ങളെ അടിച്ചമർത്തുന്നു.
എം.എം ഹസന്‍
സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കുന്നതുവരെ യുഡിഎഫ് വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്യും. സ്ത്രീകളെയും കുട്ടികളെയും പോലും മര്‍ദ്ദിച്ച് വലിച്ചിഴയ്ക്കുന്ന, അസഭ്യം പറയുന്ന പോലീസ് നടപടി. കെ റെയില്‍ വിരുദ്ധ സമരസമിതിക്കും യുഡിഎഫിനുമൊപ്പം എല്ലാവരും അണിനിരക്കണം. കെ റെയില്‍ സര്‍വേകല്ലിനെ പിണറായി സർക്കാരിന്‍റെ മീസാന്‍ കല്ലായി യുഡിഎഫ് മാറ്റും.
കൊടിക്കുന്നില്‍ സുരേഷ് എംപി
പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന കമ്മീഷന്‍ എന്ന ഒറ്റ ലക്ഷ്യമേ പിണറായിക്കുള്ളൂ. പരമാവധി തുക കീശയിലാക്കാനാണ് ഇത്ര വലിയ തുകയ്ക്കുള്ള പദ്ധതിയില്‍ കടിച്ചുതൂങ്ങുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിലങ്ങോളമിങ്ങോളം രമ്യഹര്‍മ്യങ്ങള്‍ പണിതുയര്‍ത്താന്‍ പാവപ്പെട്ടവന്‍റെ കാശ് ഉപയോഗിക്കാന്‍ യുഡിഎഫ് അനുവദിക്കില്ല. കല്ലിടാന്‍ വരുന്നവരെ ശക്തമായി പ്രതിരോധം നേരിടേണ്ടിവരും. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ അതിക്രമം കാണിക്കുന്ന പോലീസുദ്യോഗസ്ഥര്‍ ഉത്തരം പറയേണ്ടിവരും.
പി.ജെ ജോസഫ്
ബഹുജനങ്ങള്‍ക്ക് ആശങ്കയുള്ള, തികച്ചും അപ്രായോഗികമായ പദ്ധതി ഉപേക്ഷിക്കണം. നിലവിലെ ട്രാക്കുകള്‍ പുനഃക്രമീകരിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ ചെലവില്‍ ബദല്‍ പദ്ധതി ആലോചിക്കേണ്ടതുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം.
എന്‍.കെ പ്രേമചന്ദ്രന്‍ എംപി
കേരളം ഒരു പോരാട്ടത്തിന്‍റെ പാതയിലാണ്. ജനപക്ഷ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷവും മൂലധനശക്തികളുടെ താത്പര്യം സംരക്ഷിക്കുന്ന പിണറായി വിജയന്‍റെ സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണിത്. സ്വന്തം മുന്നണിയിലെ ആളുകളെ പോലും പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്താൻ പിണറായി സർക്കാരിന് കഴിയുന്നില്ല. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന് പിണറായി വിജയനെക്കൊണ്ട് പറയിക്കുന്നതുവരെ യുഡിഎഫ് അതിശക്തമായി സമരം തുടരും.
പി.സി വിഷ്ണുനാഥ്
കേരളത്തെ തകർക്കുന്ന പദ്ധതി. സാമൂഹിക ആഘാതപഠനമല്ല സാമൂഹിക അതിക്രമമാണ് നടക്കുന്നത്. സർവേ നടത്തുന്നതിന് മുമ്പ് നോട്ടീസ് നൽകണമെന്ന നിയമത്തിന്‍റെ നഗ്നമായ ലംഘനം. പിഞ്ചുകുഞ്ഞുങ്ങളുടെ മനസിൽ പോലും ഭീതി വിതയ്ക്കുന്ന നടപടി. പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിക്കൊണ്ടായിരിക്കും യുഡിഎഫ് നടത്തുന്ന ഈ സമരം അവസാനിക്കുക.
ജിദേവരാജന്‍
24 മണിക്കൂര്‍ തുടർച്ചയായി മഴ പെയ്താല്‍ വെള്ളത്തിനടിയിലാകുന്ന ഒരു സംസ്ഥാനമാണ് കേരളം. അതീവ പരിസ്ഥിതിലോലമായ സംസ്ഥാനത്തെ രണ്ടായി വെട്ടിപ്പിളര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ തകര്‍ക്കും. ഇത് കേരളത്തിന് ഒരുതരത്തിലും ചേര്‍ന്ന ഒരു പദ്ധതിയല്ല എന്നതുകൊണ്ടാണ് യുഡിഎഫ് ഇതിനെ എതിര്‍ക്കുന്നത്.
അനൂപ് ജേക്കബ്
സില്‍വര്‍ലൈനിനെതിരെ സംസ്ഥാനത്തുണ്ടാകുന്നത് വന്‍ ജനകീയമുന്നേറ്റം. ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് തുടരാന്‍ അവകാശമില്ല. ഏതാനും പേരെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ലിത്. സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. പദ്ധതിക്ക് ബദല്‍ സംവിധാനം കണ്ടെത്താനോ പരിഗണിക്കാനോ സര്‍ക്കാർ തയാറാകുന്നില്ല. കുടിയിറക്കപ്പെടുന്ന ജനതയ്ക്ക് വേണ്ടിയുള്ള സമരമാണിത്. ഇതിനെ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.
യുഡിഎഫ് കൺവീനർ എം.എം ഹസൻ അധ്യക്ഷനായ യോഗത്തിൽ വിവിധ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു. വരും ദിവസങ്ങളിൽ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ വ്യക്തമാക്കി.
https://www.facebook.com/JaihindNewsChannel/videos/1208143269721067