തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ മരണം മര്‍ദ്ദനത്തെ തുടർന്നെന്ന നിലപാടിലുറച്ച് കുടുംബം. മൃതദേഹത്തില്‍ 12 ഇടങ്ങളില്‍ ചതവുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം ഹൃദയാഘാതം ആണെങ്കിലും ഇതിന് കാരണമായത് ശരീരത്തിലെ ചതവുകൾ ആയിരിക്കാമെന്ന് റിപ്പോർട്ടില്‍ സൂചനയുണ്ട്. പോലീസുകാര്‍ മർദ്ദിച്ചതാണ് മരണകാരണമെന്ന് മരിച്ച സുരേഷിന്റെ സഹോദരന് സുഭാഷ് ആരോപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും പുറത്തായതോടെ പോലീസ് കൂടുതല്‍ പ്രതിരോധത്തിലായി.
കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം സ്വദേശി സുരേഷ് മരിച്ചത്. സുരേഷിന്റെ ശരീരത്തിൽ 12 ഇടങ്ങളിൽ ചതവുകൾ കണ്ടെത്തിയിട്ടുണ്ട് എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴുത്തിലും തുടകളിലും തോളിലും മുതുകിലുമെല്ലാമായാണ്ചതവ്. മർദ്ദിച്ചിട്ടില്ലെന്നും ശരീരത്തിൽ പരിക്കുകൾ ഇല്ലെന്നുമുള്ള പോലീസ് വാദത്തെ പൊളിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍.
സുരേഷിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി സഹോദരന് സുഭാഷ് പറയുന്നു. അവസാനമായി കണ്ടപ്പോള്‍ സുരേഷിന്റെ ശരീരം മുവുവന്‍ ചതവുകളും മുഴകളുമുണ്ടായിരുന്നു. വാരിയെല്ലിന്റെ ഭാഗമെല്ലാം ചുവന്നിരുന്നു. ചായ വാങ്ങി തിരികെ എത്തിയപ്പോള്‍ പോലീസ് പറഞ്ഞത് സുരേഷിന് സുഖമില്ലെന്നും ആശുപത്രിയിലേക്ക് മാറ്റുകയാണെന്നുമാണ്. ഗ്യാസ് ആണെന്ന് പറഞ്ഞാണ് മാറ്റിയത്. പോലീസുകാര്‍ തൂക്കിയെടുത്ത് നടത്താന്‍ ശ്രമിച്ചെങ്കിലും സഹോദരന് കുഴഞ്ഞുകിടക്കുകയായിരുന്നുവെന്ന് സുഭാഷ് പറയുന്നു. അടുത്തേക്ക് ചെല്ലാന്‍ ശ്രമിച്ച തന്നെ പോലീസ് അസഭ്യം പറഞ്ഞ് ഓടിക്കുകയായിരുന്നു. പിന്നീട് സുരേഷിന് കൂടുതലാണെന്നും ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും വേണമെങ്കില്‍ പോയി കാണാനും പറഞ്ഞു. എന്നാല്‍ താനെത്തുമ്പോള്‍ സുരേഷിനെ സ്ട്രെച്ചറില്‍ മൂടിപ്പുതച്ച് കിടത്തിയിരിക്കുകയായിരുന്നുവെന്നും സുഭാഷ് പറഞ്ഞു.
നല്ല ആരോഗ്യമുള്ള വ്യക്തിയായിരുന്നു തന്റെ സഹോദരന്. 20 വര്‍ഷമായി പനിക്ക് പോലും മരുന്ന് കഴിച്ചതായി തന്റെ ഓർമ്മയിലില്ല. തന്റെ സഹോദരനെ പോലീസുകാര്‍ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും സുഭാഷ് ആരോപിച്ചു. ആരോപണ വിധേയരായ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും സുഭാഷ് പറഞ്ഞു.