ഭൂപരിഷ്കരണ നിയമ ഭേദഗതി : മുന്നണിയില്‍ ചർച്ച ചെയ്യാതെ സാധ്യമല്ലെന്ന് സിപിഐ

Saturday, March 12, 2022

Kanam Rajendran Pinarayi Vijayan

തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമ ഭേദഗതിയില്‍ സിപിഎമ്മും സിപിഐയും രണ്ട് തട്ടില്‍. നിയമം ഭേദഗതി ചെയ്യാന്  എല്‍ഡിഎഫിന് ഉദ്ദേശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി സാധ്യമല്ലെന്നും തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് ഇപ്പോള്‍ തന്നെ നിയമമുണ്ടെന്നും കാനം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപമടക്കം വന്‍കിട പദ്ധതികള്‍ക്ക് സിപിഎം പച്ചക്കൊടി കാട്ടിയത് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യാനിരിക്കെ തങ്ങളുടെ അഭിമാന മുദ്രാവാക്യമായ ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വേണമെന്ന് പറയുന്ന ബജറ്റ് നിര്‍ദ്ദേശത്തെ സിപിഐ എതിര്‍ക്കുകയാണ്.

സിപിഎം നയരേഖക്ക് തൊട്ട് പിന്നാലെ ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വേണ്ടിവരുമെന്ന് സൂചന നല്‍കിയുള്ള ബജറ്റ് പ്രസംഗം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരുന്നു. തോട്ടങ്ങളില്‍ കൂടുതല്‍ മറ്റ് കൃഷിയും, സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമിയും അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.