യുഎഇയില്‍ ചിത്രീകരിക്കുന്ന മഞ്ജു വാരിയര്‍ സിനിമയായ ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏഴു ഭാഷകളില്‍ പുറത്തിറങ്ങി

JAIHIND TV DUBAI BUREAU
Friday, February 18, 2022

ദുബായ് : യുഎഇ യില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയര്‍ ചിത്രമായ ‘ആയിഷ ‘ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായി. സമൂഹമാധ്യമങ്ങളില്‍ പ്രമുഖര്‍ ഷെയര്‍ ചെയ്ത പോസ്റ്റര്‍ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഏറ്റെടുത്തു. വ്യത്യസ്ത രാജ്യക്കാരായ അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമ എന്ന സിനിമ എന്ന പ്രത്യേകതയും ‘ആയിഷ’യ്ക്കുണ്ട്.

ആഷിഫ് കക്കോടിയുടെ രചനയില്‍ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ് അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ വിവിധ ഭാഷാ പതിപ്പുകളിലും എത്തുന്നു. ഒരു മലയാള സിനിമയുടെ പോസ്റ്റര്‍ ഇതാദ്യമായാണ് ലോക ഭാഷകളടക്കം ഏഴു വ്യത്യസ്ത ഭാഷകളില്‍ പുറത്തിറങ്ങുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിലായി ഷംസുദ്ധീന്‍ , സക്കരിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി , ബിനീഷ് ചന്ദ്രന്‍ എന്നിവരാണ്.

സംഗീത നിര്‍വഹണം എം ജയചന്ദ്രനും ഛായാഗ്രഹണം വിഷ്ണു ശര്‍മയും നിര്‍വഹിക്കുന്നു . എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി , കലാ സംവിധാനം മോഹന്‍ദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ് , ചമയം റോണക്‌സ് സേവ്യര്‍ , ചീഫ് അസ്സോസിയേറ്റ് ബിനു ജി നായര്‍ , ഗാനരചന ബി കെ ഹരിനാരായണന്‍ , സുഹൈല്‍ കോയ എന്നിവരാണ്. ശബ്ദ സംവിധാനം വൈശാഖ് , നിശ്ചല ചിത്രം രോഹിത് കെ സുരേഷ് . ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകറുമാണ്. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായി നടക്കും.