അഫ്ഗാനിസ്ഥാനിലെ ജനജീവിതം നരഗതുല്യമെന്ന് യുഎന്‍ റിപ്പോർട്ട്. അതിഭീകരമായ പട്ടിണിയില്‍ ഭക്ഷണത്തിന് വേണ്ടി സ്വന്തം കുട്ടികളെ വില്‍ക്കുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. വനിതാ ആക്റ്റിവിസ്റ്റുകളെ ഭീകരർ തട്ടിക്കൊണ്ടുപോകുന്നതും ഭീതി പടർത്തുന്നതാണ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അഫ്ഗാന് സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന് രാജ്യ ഭരണം ഏറ്റെടുത്തതോടെ സമാനതകളില്ലാത്ത ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. ഭക്ഷണത്തിന് മറ്റുവഴികളില്ലാതെ കുട്ടികളെ വില്‍ക്കേണ്ട ഗതികേടിലാണ് അഫ്ഗാന് ജനത. കുടുംബത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് അഫ്ഗാനിലെ ഒരു സ്ത്രീ തന്റെ രണ്ട് പെണ്‍കുട്ടികളെയും വൃക്കയും വിറ്റതായാണ് റിപ്പോർട്ടുകള്‍. വലിയ മനുഷ്യാവകാശ ലംഘനമാണ് അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്നത്. സ്ത്രീകളെ തൊഴില്‍ ചെയ്യാനോ താലിബാന് അനുവദിക്കുന്നില്ല. ഭീകരർ വനിതാ ആക്റ്റിവിസ്റ്റുകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നതും പതിവാണ്.
ദരിദ്രരായ ദശലക്ഷക്കണക്കിന് അഫ്ഗാന് പൗരന്മാര് മോശമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ പാടുപെടുന്നെന്നും മറ്റുലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കണമെന്നും ഓരോ പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും അടിസ്ഥാന മൗലിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ താലിബാനോട് അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു.