അബുദാബി / റിയാദ് : യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് യെമനിലെ ഹൂതി വിമതര്‍ വീണ്ടും ആക്രമണ ശ്രമം നടത്തി. ഇതോടൊപ്പം സൗദിയിലെ ജിസാന്‍ വ്യവസായ മേഖലയിലേക്കും ഹൂതി ആക്രമണം ഉണ്ടായി. ഇതില്‍ രണ്ട് വിദേശികള്‍ക്ക് പരിക്കേറ്റു.
അബുദാബിയിലേക്ക് ഹൂതികള്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ അബുദാബിയില്‍ പതിച്ചെങ്കിലും ആളപായം ഉണ്ടായില്ല. ഏത് ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും യുഎഇ അറിയിച്ചു. സൗദി ജിസാനിലേക്കും ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണ് ഉണ്ടായത്. അതേസമയം അല്‍ ജൌഫ് മേഖലയില്‍ നിന്നു വന്ന രണ്ട് ഡ്രോണുകള്‍ തങ്ങള്‍ തകര്‍ത്തതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അബുദാബിയില്‍ ജനുവരി 17 നാണ് ഇതിനു മുമ്പ് ആക്രമണം ഉണ്ടായത്. അന്ന് മൂന്നു പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ യുഎന്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചതിനിടെയാണ് മറ്റൊരു തിങ്കളാഴ്ച വീണ്ടും ആക്രമണ ശ്രമം നടന്നത്. ഇതിനിടെ ഹൂതികളെ വീണ്ടും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം അമേരിക്ക പരിഗണിച്ച് വരികയാണെന്നും ഞങ്ങളുടെ ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/jaihindtvmiddleeast/videos/966431234247933