കൊല്ലം : ദേശീയപാതയിൽ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ സ്വകാര്യ ബസും ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാന്‍ ഡ്രൈവർ എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ക്ലീനറും ബസിലെ യാത്രക്കാരുമടക്കം 19 പേർക്ക്പരിക്കേറ്റു.
ചവറയിൽ നിന്നും ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഇൻസുലേറ്റഡ് വാനുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകട കാരണം. അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേയാണ് ബസ് വാനിനെ ഇടിച്ചുതെറിപ്പിച്ചത്.
ഇൻസുലേറ്റഡ് വാനിന് പിറകിൽ സഞ്ചരിച്ച സ്കൂട്ടറും അപകടത്തിൽ പെട്ടു. സ്കൂട്ടർ യാത്രികർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.