കൊച്ചി: എറണാകുളം പോണേക്കരയില്‍ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍. സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ജയിലില്‍ കഴിയുന്ന ജയാനന്ദന്‍ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്.
2004ലാണ് എറണാകുളം പോളേക്കരയില്‍ എഴുപത്തിനാലുകാരിയേയും സഹോദരീ പുത്രനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 44 പവന്‍ സ്വര്‍ണ്ണവും ഇവിടെനിന്ന് കവര്‍ന്നു. റിപ്പര്‍ ജയാനന്ദന്‍ തന്നെയാണ് കുറ്റവാളിയെന്ന സംശയത്തില്‍ മുമ്പും ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാളിലേക്കെത്താന്‍ പറ്റിയ തെളിവ് കിട്ടിയില്ല. മറ്റൊരു കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് താനാണ് കൃത്യം നടത്തിയതെന്ന് ജയാനന്ദന്‍ സഹതടവുകാരനോട് പറഞ്ഞത്. ജയിലധികൃതര്‍ ഇക്കാര്യം ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് ജയിലില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ജയാനന്ദനാണ് പ്രതിയെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി.
റിപ്പര്‍ ജയാനന്ദന്‍ പ്രതിയായ കേസുകളിലെ പൊതുസ്വഭാവമാണ് ഈ കേസിലും വഴിത്തിരിവായത്. തലയ്ക്കടിച്ചശേഷം വൃദ്ധയെ മരിക്കും മുമ്പ് മാനഭംഗപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൃതൃം നടത്തിയ ഇടത്ത് മഞ്ഞള്‍പ്പൊടി വിതറുകയും മണ്ണെണ്ണ തൂവുകയും ചെയ്തിട്ടുണ്ട്. പൊലീസ് നായ മണം പിടിച്ച് എത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കൃത്യം നടക്കുന്ന സ്ഥലത്തുനിന്ന് തന്നെ കൊലപാതകത്തിനുളള ആയുധം കണ്ടെത്തുകയാണ് ജയാനന്ദന്‍റെ മറ്റൊരു രീതി. പോണേക്കരയിലും ഇതുതന്നെ ആവര്‍ത്തിച്ചു. സംഭവം നടന്ന രാത്രി പ്രദേശവാസിയായ ഒരാള്‍ ജയാനന്ദനെ അവിടെവെച്ച് കണ്ടതായി തിരിച്ചറിഞ്ഞതും വഴിത്തിരിവായി. 6 കേസുകളിലായി 8 കൊലപാതകങ്ങള്‍ നടത്തിയ ജയാനന്ദന് പല കേസുകളിലും വിചാരണക്കോടതികള്‍ വധശിക്ഷ വിധിച്ചിരുന്നു.b